ദുഷ്ട ശക്തികളുടെ അന്തകന്‍; ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ‘ശക്തിമാന്‍’ തിരിച്ചു വരവിനൊരുങ്ങുന്നു

മുഖേഷ് ഖന്ന

മുംബൈ: ഒരു കാലത്ത് കുട്ടികളുടെ ഇഷ്ടതാരമായിരുന്ന  ശക്തിമാന്‍ തിരിച്ച് വരവിന്  ഒരുങ്ങുന്നു. ശക്തിമാനായി അഭിനയിച്ചിരുന്ന മുഖേഷ് ഖന്ന തന്നെയാണ് മാധ്യമങ്ങളോട് ശക്തിമാന്റെ തിരിച്ചുവരവ്‌ വെളിപ്പെടുത്തിയത്.

അടുത്തിടെ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെക്കണ്ട് കുട്ടികള്‍ ശക്തിമാന്‍ എന്ന ആര്‍ത്ത് വിളിക്കുകയും ആവേശം കൊള്ളുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ശക്തിമാന്‍ തിരിച്ച് വരണമെന്ന തോന്നലുണ്ടായത്. ദൂരദര്‍ശന്‍ പ്രദര്‍ശനാനുമതി നല്‍കുന്നുണ്ടെങ്കിലും എതെങ്കിലും സ്വകാര്യ സാറ്റലൈറ്റ് ചാനലുകളിലും പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് മുഖേഷ് ഖന്ന പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ ശക്തിമാന്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഭീമമായ ബഡ്ജറ്റില്‍ ബാഹുബലി പോലുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ കുട്ടികള്‍ക്കായുള്ള സിനിമകള്‍ ആരും നിര്‍മിക്കാത്തത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് ചില്‍ഡ്രന്‍ ഫിലിം സൊസൈറ്റി ഒാഫ് ഇന്ത്യ അധ്യക്ഷനായ മുഖേഷ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ ചിത്രത്തിന് പണം കൊയ്യാന്‍ കഴിയില്ലെന്നുള്ള കാരണം കൊണ്ടാണ് അത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കാതെ പോകുന്നത്.

ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരില്‍ രാജ്യത്തിനെതിരെ എന്തും വിളിച്ചു പറഞ്ഞാല്‍ അത് വളര്‍ന്ന് വരുന്ന കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധിനകര്‍ ജാനി സംവിധാനം ചെയ്ത ശക്തിമാന്‍ സീരിയല്‍ 2005 ലാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്.

DONT MISS
Top