എസ്ബിഐ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇനി മുതല്‍ പിഴ ഒടുക്കണം

ഫയല്‍ ചിത്രം

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തവര്‍ ഇനിമുതല്‍ പിഴ നല്‍കേണ്ടിവരും.  മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം എസ്ബിഐ അംഗീകരിച്ചു. പുതിയ നിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

നഗര- ഗ്രാമ മേഖലകള്‍ തരം തിരിച്ചാണ് മിനിമം ബാലന്‍സ് തുക നിശ്ചയിച്ചിരിക്കുന്നത്.  ആ പ്രദേശത്ത് നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ് തുക, സേവിങ്‌സ് അക്കൗണ്ടുകളില്‍ നിലനിറുത്തിയില്ലെങ്കിലാണ് പിഴ നല്‍കേണ്ടി വരിക. മിനിമം ബാലന്‍സ് തുകയിലെ കുറവ് അനുസരിച്ച് 20 രൂപ മുതല്‍ 100 രൂപവരെയാണ് പിഴ ചുമത്തപ്പെടുക.

മെട്രോ നഗരങ്ങളില്‍ 5000 രൂപയും, നഗര പ്രദേശങ്ങളില്‍ 3000 രൂപയും, അര്‍ധ നഗരങ്ങളില്‍ 2000 രൂപയും, ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് ഉപഭോക്താക്കള്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക നിലനിറുത്തേണ്ടത്.

സേവിങ്‌സ് അക്കൗണ്ടുകളില്‍ നിലവിലുള്ള തുകയും മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് ഉപഭോക്താക്കള്‍ പിഴ നല്‍കേണ്ടത്. ഇത് മിനിമം ബാലന്‍സിനേക്കാള്‍ എഴുപത്തിയഞ്ച് ശതമാനം കുറവാണെങ്കില്‍ അക്കൗണ്ട് ഉടമകള്‍ സേവന നികുതിയായി 100 രൂപ അധികം നല്‍കേണ്ടതാണ്.

മിനിമം ബാലന്‍സില്‍ നിന്നും അമ്പത് ശതമാനത്തിനും എഴുപത്തിയഞ്ച് ശതമാനത്തിനും  ഇടയിലാണ് തുക കുറവെങ്കില്‍ 75 രൂപയും അമ്പത് ശതമാനത്തിലും താഴെയാണ് കുറവെങ്കില്‍ 50 രൂപയും പിഴയായി നല്‍കേണ്ടിവരും. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക നിലനിറുത്താത്ത ഉപഭോക്താക്കള്‍ എല്ലാം തന്നെയും അധികമായി സേവന നികുതിയും നല്‍കേണ്ടതായുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ബാങ്ക് ഉപഭോക്താക്കള്‍ 20 മുതല്‍ 50 രൂപവരെ പിഴയായി ഒടുക്കണം.

പണം പിന്‍വലിക്കുന്നതിനായുള്ള പരിധി ഇല്ലാതായെങ്കിലും, ബാങ്കു വഴിയുള്ള  മാസത്തിലെ മൂന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം അധികമായി നടത്തുന്ന ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്നും  50 രൂപയും നികുതിയും ഈടാക്കുന്നത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പുതുക്കുമെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.

DONT MISS
Top