അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം മാത്രമേ അതിരപ്പള്ളി പദ്ധതി നടപ്പാക്കൂവെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം : അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം മാത്രമേ അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം ഇടതുമുന്നണി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇടതുമുന്നണി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കിയശേഷം മാത്രമേ അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ പോകുന്നത്.

അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് കെഎസ്ഇബിയ്ക്ക് നിലപാടുണ്ട്. ഈ പദ്ധതി വന്നാല്‍ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും എന്നതാണ് അവരുടെ നിലപാട്. അത് പ്രായോഗികമായി നടപ്പാക്കുമ്പോള്‍ എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടാകും ഒരു തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു. അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എംഎം മണിയുടെ നിയമസഭയിലെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനാണ് കോടിയേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പദ്ധതി സംബന്ധിച്ച് സിപിഐയ്ക്ക് പണ്ടുമുതലേ എതിര്‍പ്പുണ്ട്. അവരുടെ സംഘടനയ്ക്കും ആ അഭിപ്രായമുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്തും അവരുടെ അഭിപ്രായം വ്യക്തമാക്കിയിരുന്നതാണ്. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ അവരുടെ അഭിപ്രായങ്ങളും ബദല്‍ നിര്‍ദേശങ്ങളും പരിഗണിക്കും. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടുള്ള തീരുമാനമാകും കൈക്കൊള്ളുക എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top