വെള്ളമൂറ്റുന്ന കമ്പനികള്‍ക്കെതിരെ തമിഴകം ഒറ്റക്കെട്ട്; തമിഴ്നാട്ടില്‍ ഇന്നുമുതല്‍ പെപ്‌സി, കൊക്കൊകോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇല്ല

പ്രതീകാത്മക ചിത്രം

ചെന്നൈ: ഇന്ന് മുതല്‍ തമിഴ്‌നാട്ടിലെ കടകളില്‍ പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല. വ്യാപാരി വ്യവസായി സംഘടനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തുന്നത്. തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍, തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ എന്നീ സംഘടനകളാണ് പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തത്.

ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്തുണ്ട്. മലയാളികളുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ഇത്. സംഘടനയുടെ പ്രസിഡന്റ് ടി അനന്തനാണ് ഇക്കാര്യം അറിയിച്ചത്. ജല്ലിക്കെട്ട് പ്രക്ഷോഭത്തോടൊപ്പമാണ് പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും തമിഴ്‌നാട്ടില്‍ ആഹ്വാനമുയര്‍ന്നത്.

വരള്‍ച്ച മൂലം കര്‍ഷകര്‍ വെള്ളമില്ലാതെ പൊറുതിമുട്ടുന്ന സമയത്ത് വെള്ളം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കമ്പനികളുടെ ചൂഷണം തടയുക എന്നതാണ് തീരുമാനമെടുക്കാനുള്ള ഒരു കാരണം. ഇത്തരം പാനീയങ്ങളില്‍ വിഷാംശം ഉണ്ടെന്ന പരിശോധനാ ഫലം നിലവിലുള്ളതും പെപ്‌സി, കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താനുള്ള കാരണമാണ്.

വിഷാംശമുള്ള ശീതള പാനീയങ്ങളാണ് പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ എന്ന് തെളിഞ്ഞതിനാല്‍ ഇവയുടെ വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭം നടത്തിയെങ്കിലും കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്ന് തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി വെള്ളയ്യന്‍ ആരോപിച്ചു. വിഷാംശമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്നാണ് സംഘടനയുടെ നിലപാട്.

DONT MISS
Top