ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് ക്യാന്റീന്‍ ജീവനക്കാരനെ പിസി ജോര്‍ജ് എംഎല്‍എ മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം:എംഎല്‍എ ഹോസ്റ്റലില്‍ ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് ക്യാന്റീന്‍ ജീവനക്കാരനെ പിസി ജോര്‍ജ്ജ് എംഎല്‍എ മര്‍ദ്ദിച്ചുവെന്ന് പരാതി. മര്‍ദ്ദനത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ കഫേ കുടുംബശ്രീ ജീവനക്കാരനായ മനുവിന്റെ കണ്ണിനും ചുണ്ടിനും പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് നിയമസഭാ സെക്രട്ടറിക്ക് ജീവനക്കാരന്‍ പരാതി നല്‍കി.

ഊണ് എത്തിക്കാന്‍ വൈകിയെന്നാരോപിച്ച് പിസി ജോര്‍ജ്ജ് തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ മനു പറഞ്ഞു. ഹോസ്റ്റല്‍ റൂമിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. മുറിയിലേക്ക് ഭക്ഷണം എത്തിക്കാന്‍ ഫോണിലൂടെ പിസി ജോര്‍ജ്ജ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭക്ഷണം എത്തിക്കാന്‍ വൈകി. ഇതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ച് പിസി ജോര്‍ജ് ദേഷ്യപ്പെടുകയായിരുന്നു, പിന്നീട് ഭക്ഷണവുമായി മുറിയിലെത്തിയ തന്നെ പിസി ജോര്‍ജ് മര്‍ദ്ദിച്ചുവെന്ന് മനുവിന്റെ പരാതിയില്‍ പറയുന്നു. ഭക്ഷണം വൈകിയതിന് വിശദീകരണം നല്‍കിയപ്പോള്‍ നീ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് പിസി ജോര്‍ജിന്റെ പിഎ ദേഷ്യപ്പെട്ടതായും മനു പരാതിയില്‍ പറയുന്നു.

അതേസമയം ക്യാന്റീന്‍ ജീവനക്കാരനെ താന്‍ തല്ലിയിട്ടില്ലെന്നും ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ജീവനക്കാരനോട് ദേഷ്യപ്പെടുക മാത്രമാണുണ്ടായതെന്ന് പിസി ജോര്‍ജ് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറിയെന്നും പിസി ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു.

QEEuCkwyMkc

DONT MISS
Top