ബലാത്സംഗം ചെയ്യുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍


ദില്ലി: ബലാത്സംഗം ചെയ്യുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ‘സ്റ്റുഡന്റ്‌സ് എഗൈന്‍സ്റ്റ് എബിവിപി’ ക്യാമ്പെയിന് തുടക്കമിട്ട ഗുര്‍മെഹര്‍ കൗര്‍. ഓണ്‍ലൈന്‍ ക്യാമ്പെയിന് തുടക്കമിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും തനിക്കെതിരെ ഭീഷണി ശക്തമായിരിക്കുകയാണെന്ന് കൗര്‍ പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും അവര്‍ പറയുന്നു.

ഭീഷണി അധികവും വരുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ചിലര്‍ തന്നെ ദേശവിരുദ്ധയെന്ന് വിളിച്ചു. തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് രാഹുല്‍ എന്നൊരാള്‍ വിളിച്ചു. എന്തുകൊണ്ട് അയാള്‍ അങ്ങനെ ചിന്തിക്കുന്നു എന്ന് വിശദീകരിച്ചു. വളരെ ഭീതികമാണിതെന്നും കൗര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു കൗറിന്റെ വെളിപ്പെടുത്തല്‍. സംഭവം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനേയും ഷെഹ്ലയേയും ദില്ലി രാംജാസ് കോളെജില്‍ എബിവിപി വിലക്കിയതിനെതിരെ സര്‍വകലാശാലയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയായിരുന്നു ഗുര്‍മെഹര്‍ ക്യാമ്പെയിന് തുടക്കമിട്ടത്. താന്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്, പക്ഷേ എബിവിപിയെ ഭയക്കുന്നില്ല എന്ന് എഴുതിയ പേപ്പര്‍ കൈകളില്‍ പിടിച്ചുള്ള ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയായിരുന്നു കൗര്‍ പ്രതിഷേധിച്ചത്.

എബിവിപിയുടെ ആക്രമണം തങ്ങളില്‍ ആശങ്കയുളവാക്കുന്നുവെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ ഗുര്‍മെഹര്‍ വ്യക്തമാക്കിയിരുന്നു. എബിവിപിയുടേത് പ്രതിഷേധക്കാര്‍ക്കെതിരായുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിനെതിരെയുള്ള കൊലവിളിയാണ്. നിങ്ങളെറിയുന്ന കല്ലുകള്‍ തങ്ങളുടെ ദേഹത്ത് മുറിവേല്‍പ്പിക്കുമായിരിക്കും, പക്ഷേ തങ്ങളുടെ ആശയങ്ങളെ തകര്‍ക്കാന്‍ അതിന് കഴിയില്ലെന്നും ഗുര്‍മെഹര്‍ കുറിച്ചു.ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും കാര്‍ഗില്‍ രക്തസാക്ഷി മന്‍ഗീപ് സിങിന്റെ മകളുമാണ് ഗുര്‍മെഹര്‍.

DONT MISS
Top