മലയാളി ജീവശാസ്ത്രജ്ഞന്‍റെ നേതൃത്വത്തില്‍ ഏഴ് പുതിയയിനം തവളകളെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി

ഏഴു പുതിയയിനം തവളകളെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി. കണ്ടെത്തിയ തവളകള്‍ എല്ലാം തന്നെ തീരെച്ചെറിയ വലിപ്പമുള്ളവയാണ്. അഞ്ച് വര്‍ഷം നീണ്ട സൂക്ഷ്മമായ തിരച്ചിലിനൊടുവിലാണ് ഇവയെ കണ്ടെത്താനായത്. അന്വേഷണ സംഘത്തെ നയിച്ചത് മലയാളിയായ പ്രൊഫ.എസ്ഡി ബിജുവാണ്.

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലുള്ള ഗവേഷകരാണ് പശ്ചിമ ഘട്ടത്തില്‍ ഈ തിരച്ചിലിനായി മുന്നിട്ടിറങ്ങിയത്. കണ്ടെത്തിയ തവളകളില്‍ ഏഴില്‍ നാലെണ്ണത്തിനും ഒന്നര സെന്റീമീറ്റര്‍ പോലും വലിപ്പമുണ്ടായിരുന്നില്ല. “ഇത് അതീവ രസകരമായ കണ്ടെത്തലാണ് കാരണം, വളരെ ചെറിയ ഒരു ഭൂപ്രദേശത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. ഇവയേയും സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇവ വളരെ ചെറുതും ചന്തമുള്ളതുമാണ്” എസ്ഡി ബിജു പറഞ്ഞു.

“32 ശതമാനത്തിലധികം അതായത്, മൂന്നിലൊന്നോളം തവളകള്‍ പശ്ചിമ ഘട്ടത്തില്‍ വംശനാശ ഭീഷണി നേരിടുകയാണ്. പുതിയ ഏഴു സ്പീഷ്യസില്‍ അഞ്ചെണ്ണം അതീവ ഗുരുതരമായ ഭീഷണിയാണ് നേരിടുന്നത്. ഇവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്” അദ്ദേഹം ചൂണ്ടിക്കാട്ടി.

തവളകളോടുള്ള താത്പര്യത്താല്‍ പ്രൊഫ.എസ്ഡി ബിജുവിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇന്ത്യന്‍ ഫ്രോഗ് മാന്‍ എന്നാണ്. സാങ്ച്വറി ഏഷ്യ മാസിക ഇദ്ദേഹത്ത ഉഭയ ജീവി വിജ്ഞാനത്തിലെ അഗ്രഗണ്യന്‍ എന്നാണ് വിശേഷിപ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top