വേനലെത്തിക്കഴിഞ്ഞു, ചര്‍മത്തെ ചൂടില്‍നിന്ന് സംരക്ഷിക്കാന്‍ വീട്ടില്‍വച്ച് ചെയ്യാവുന്ന ചില പൊടിക്കൈകള്‍

വേനല്‍ ശരീരത്തെ തളര്‍ത്തുമ്പോള്‍ ചൂട് ഏറ്റവും ഉപദ്രവകരമാകുന്നത് ചര്‍മത്തിനായിരിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് ചര്‍മത്തെ സംരക്ഷിക്കേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് വളരെ ആവശ്യമാണ്. പുറത്തുപോകുന്നതിനുമുമ്പായി സണ്‍സ്‌ക്രീന്‍ പുരട്ടാനോ, നടക്കുമ്പോള്‍ കുടചൂടാനോ എപ്പോഴും പറ്റി എന്നു വരില്ല. എന്നാല്‍ പറ്റുന്ന ഒരു കാര്യമുണ്ട്. തിരികെയെത്തുമ്പോള്‍ ചര്‍മത്തിന് നല്ല പരിചരണം നല്‍കുക എന്നതാണത്.

ചര്‍മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം

തേങ്ങാവെള്ളവും ചന്ദനവും

ചന്ദനം നല്ലതുപോലെ പൊടിച്ച് തേങ്ങാവെള്ളത്തില്‍ ചാലിച്ച് പുരട്ടിയാല്‍ കിട്ടുന്ന ഗുണങ്ങള്‍ അത്ഭുതകരമാണ്. ചന്ദനം ത്വക്കിലെ അഴുക്കുകളെയും നിര്‍ജീവമായ കോശങ്ങളെയും നീക്കും. തേങ്ങാവെള്ളം ത്വക്കിന്റെ തിലക്കം കൂട്ടുകയും ചെയ്യും. ചന്ദനത്തിന്റെ തടിക്കഷ്ണം വാങ്ങി വീട്ടില്‍ വച്ച് പൊടിച്ചോ അരച്ചോ എടുത്ത് ഉപയോഗിക്കുന്നതാണുത്തമം.

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സി യുടെ കലവറയാണ് നാരങ്ങാവെള്ളം. അകത്തുകഴിക്കുന്നതും പുറമെ പുരട്ടുന്നതും നല്ലതാണ്. ചര്‍മത്തിന്റെ നിറം മങ്ങിയ ഭാഗത്ത് നാരങ്ങാ നീരും തേനും ചേര്‍ത്ത് പുരട്ടിയാല്‍ കറുപ്പ് നിറം മാറിവരും. പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക എന്നതാണ് പ്രയോഗ രീതി. നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുകയുമാകാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇതിന് സാധിക്കും.

കറ്റാര്‍വാഴ നീര്

ചര്‍മവും മുടിയും സംരക്ഷിക്കുന്നതിനായി പ്രകൃതി നല്‍കിയ വരദാനമാണ് കറ്റാര്‍ വാഴ. പുരട്ടാന്‍ സാധിച്ചാല്‍ ചര്‍മത്തിന് നല്‍കാവുന്ന ഏറ്റവും നല്ല സംരംക്ഷണോപാധിയാണ് കറ്റാര്‍ വാഴയുടെ നീര്. ചര്‍മത്തിന്റെ വരള്‍ച്ചയും വിളര്‍ച്ചയും കരിവാളിപ്പും നീക്കി തിളക്കമുള്ളതാക്കിമാറ്റാന്‍ കറ്റാര്‍വാഴയുടെ നീരിനോളംപോന്ന മറ്റൊരുമരുന്നില്ല. ദൗര്‍ലഭ്യം നേരിടുന്ന ഈ ചെടി പണ്ടുകാലത്ത് തോടിന്റെയും ജലാശയങ്ങളുടേയും വക്കുകളില്‍ ധാരാളം കണ്ടുവന്നിരുന്നു. തൈ വാങ്ങി വീട്ടില്‍ വളര്‍ത്തിയെടുക്കാന്‍ എളുപ്പമാണ് ഈ സസ്യം.

പപ്പായയും തേനും

പപ്പായയും തേനും ചേര്‍ത്ത് നല്ല ഫേസ് പായ്ക്കുകള്‍ ഉണ്ടാക്കാം. പപ്പായ നല്ലതുപോലെ അരച്ച് തേനും ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ത്വക്കിനെ വെയിലിന്റെ ചൂടില്‍നിന്ന് സംരക്ഷിക്കും. മാത്രമല്ല ചര്‍മം മൃദുവും മിനുസമുള്ളതുമാകും.

പാലും മഞ്ഞളും

പപ്പായ പോലെതന്നെ ചര്‍മം മൃദുവും തിളക്കമുള്ളതുമാക്കാന്‍ പാലിന് സാധിക്കും. മഞ്ഞള്‍ ചര്‍മത്തിന് നിറം നല്‍കും. രണ്ടും കൂട്ടിയോജിപ്പിച്ച് ഉപയോഗിച്ചാല്‍ ത്വക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട ആവശ്യം വരില്ല.

വെള്ളരിക്കയും പനിനീരും

വെള്ളരിക്കയും പനിനീരും കൂട്ടിയോജിപ്പിച്ച് ചര്‍മത്തില്‍ പുരട്ടാം. കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് നീക്കാന്‍ ഏറ്റവും നല്ലതാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്‍പോളകള്‍ക്കുമീതെ വച്ചാല്‍ കണ്ണിന് തണുപ്പ് ലഭിക്കും.

തൈര് ചര്‍മത്തില്‍ പുരട്ടുന്നതും വിവിധ പഴങ്ങള്‍ അരച്ച് പുരട്ടുന്നതും നല്ലതാണ്. നല്ലതുപോലെയുള്ള ഉറക്കം ലഭിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ചര്‍മത്തിന് വളരെയേറെ ഗുണം ചെയ്യും. പുറത്തുപോകുമ്പോള്‍ കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

DONT MISS
Top