നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു പ്രമുഖ നടന് പങ്ക്; നടിയെ ചോദ്യം ചെയ്താല്‍ ഇത് പുറത്താകുമെന്നും പി സി ജോര്‍ജ്

തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ. എന്നാല്‍ ആ നടന്റെ പേര് വെളിപ്പെടുത്താന്‍ പി സി ജോര്‍ജ് തയ്യാറായില്ല. തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് നടിതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ നടിയേയും ചോദ്യം ചെയ്യണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോര്‍ജ്.

സിനിമാ ലോകം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടുവെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു. സിനിമാക്കാര്‍ ക്വട്ടേഷന്‍ സംഘത്തെ കൂട്ടിന് കൊണ്ടുനടക്കുന്നതെന്തിനാണെന്നു ചോദിച്ച പി സി ജോര്‍ജ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പറഞ്ഞു.

മലയാള സിനിമ ഇപ്പോള്‍ അധോലോക സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്ന് നേരത്തെ നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. ചില താരങ്ങളെ കേന്ദ്രീകരിച്ച് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ് അഭിപ്രായപ്പെട്ടിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെയും ഗണേഷ് തുറന്നടിച്ചിരുന്നു. സിനിമയിലെ അധോലോക ബന്ധത്തെ കുറിച്ച് അറിയില്ലെങ്കില്‍ തന്നോട് ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാമെന്നും ഗണേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പി സി ജോര്‍ജ് എംഎല്‍എ പ്രതികരിച്ചത്.

DONT MISS
Top