“മലയാള സിനിമയെ നിയന്ത്രിക്കുന്നത് അധോലോക സംഘങ്ങള്‍”; കമലിനേക്കാള്‍ നന്നായി ഇക്കാര്യം തനിക്ക് അറിയാമെന്നും ഗണേഷ് കുമാര്‍

ഗണേഷ് കുമാറിന്റെ പ്രതികരണം

കൊല്ലം: മലയാള ചലച്ചിത്ര മേഖലയേും ചിലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത് വളരെ ദുഖകരമായ സംഭവമാണെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ചില താരങ്ങളെ കേന്ദ്രീകരിച്ച് മലയാള സിനിമയില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ് ആരോപിച്ചു.

മലയാള ചലച്ചിത്ര മേഖലയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളാണെന്ന ഗുരുതര ആരോപണമാണ് ഗണേഷ് ഉയര്‍ത്തിയിരിക്കുന്നത്. മലയാള സിനിമാ മേഖലയിലെ അധോലോക സംഘങ്ങളെ കുറിച്ച് അറിയില്ലെങ്കില്‍ കമല്‍ തന്നെ വിളിക്കട്ടെയെന്ന് ഗണേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ കമലിനേക്കാള്‍ നന്നായി തനിക്ക് അറിയാമെന്നും ഗണേഷ് പറഞ്ഞു.

“എന്നാല്‍ ഇതൊന്നും പൊതുവായി പറയാന്‍ ആഗ്രഹിക്കുന്നില്ല. അതില്‍ എന്നോട് തര്‍ക്കിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വ്യക്തിപരമായി ഫോണ്‍ വിളിച്ചാല്‍ അവര്‍ക്ക് ഞാന്‍ പറഞ്ഞ് കൊടുക്കും. ചാനലിലിരുന്ന് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എന്താ ഗണേഷ് കുമാര്‍ അങ്ങനെ പറഞ്ഞതെന്ന് ഫോണ്‍ വിളിച്ച് ചോദിച്ചാല്‍ പറഞ്ഞ് കൊടുക്കും. അത് കേട്ടാല്‍ അവരും ഞെട്ടു. പക്ഷെ അത് പൊതുവായിട്ട് പറയാന്‍ പറ്റില്ല”.

“ഗണേഷ് കുമാര്‍ എന്താ അങ്ങനെ പറഞ്ഞതെന്ന് കമല്‍ ചോദിച്ചതായി കേട്ടു. ഗണേഷ് കുമാറിന് സിനിമയെ കുറിച്ച് നല്ല പരിചയമുണ്ട്. ഞാന്‍ സിനിമയുടെ മന്ത്രിയുമായിരുന്നു. കമലിന് അറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സിനിമയില്‍ ഉള്ളവരെ കുറിച്ചും സിനിമക്കാരെ കുറിച്ചും അറിയാം. കമല്‍ കഴിഞ്ഞതിന്റെ മുന്‍പിലത്തെ വെള്ളിയാഴ്ചയാണ് ഇതിന്റെ ചെയര്‍മാനായത്. അതൊന്നും പറഞ്ഞ് പഠിക്കരുത്. പറഞ്ഞാല്‍ പലതും പറയേണ്ടിവരും. അതൊന്നും എന്നെക്കൊണ്ട് പറയിക്കരുത്. ഞാന്‍ ഒരു പൊതുപ്രവര്‍ത്തകനാണ്. സിനിമയുടെ മന്ത്രി ആയിരുന്ന ആളാണ്. നടക്കുന്ന കാര്യങ്ങളും, കൊള്ളരുതായ്മയും നല്ലതും ചീത്തയും എല്ലാം അറിയാം. കമലിന് അതിനെ കുറിച്ച് സംശയം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അപ്പോല്‍ പറഞ്ഞുകൊടുക്കാം”.

“വളരെ ദുഖകരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഈ നടിക്ക് മാത്രമല്ല വേറൊരു പെണ്‍കുട്ടിക്കും ഇങ്ങനെ ഉണ്ടാകാന്‍ പാടില്ല. ആ അക്രമം നടന്ന സമയത്തെ പെണ്‍കുട്ടി എങ്ങനെ അഭിമുഖീകരിച്ചുവെന്ന് കേട്ടാല്‍ നമ്മള്‍ക്ക് സഹിക്കില്ല. ഒരു പുരുഷന് പോലും അത്തരമൊരു ഘട്ടം തരണം ചെയ്യാന്‍ സാധിക്കില്ല. അത്രയ്ക്കും ദുഖകരമാണ്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ഈ പ്രതികള്‍ രക്ഷപെടുമെന്ന് ആരും ഭയക്കേണ്ട. പൊലീസിന്റെ ഭാഗത്തുനിന്ന് വളരെ നല്ല നീക്കമാണ് നടന്നിരിക്കുന്നത്”. ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

മലയാള സിനിമയില്‍ ചില കൊള്ളരുതായ്മകള്‍ നിലനില്‍ക്കുന്നുണ്ടെന്ന ഗണേഷിന്റെ ആരോപണത്തിനെതിരെ കഴിഞ്ഞ ദിവസം കമല്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഗണേഷ് രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്.

DONT MISS
Top