“‘ആണത്തം’, ‘തന്തക്ക് പിറക്കല്‍’ ഒക്കെ ആ വിഷച്ചെടിയുടെ വിത്തുകള്‍തന്നെ; ഒരുകൈകൊണ്ട് അറുക്കുകയും മറുകൈകൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുക”: മേജര്‍ രവിയെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

ഫയല്‍ ചിത്രം

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകന്‍ മേജര്‍ രവി നടത്തിയ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സഹപ്രവര്‍ത്തകനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. ‘ആണത്തം’, ‘തന്തക്ക് പിറക്കല്‍’, ‘ആണുങ്ങളോട് കളിക്കെടാ’ എന്നീ പ്രയോഗങ്ങള്‍ ആ വിഷച്ചെടിയുടെ വിത്തുകള്‍ തന്നെയാണെന്നും ഒരു കൈകൊണ്ട് അറക്കുകയും മറുകൈകൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുക എന്നും സനല്‍കുമാര്‍ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മേജര്‍ രവിയുടെ വാക്കുകളെ സനല്‍ കുമാര്‍ വിമര്‍ശിച്ചിരിക്കുന്നത്.

“സുഹൃത്തേ ‘ആണത്തം’ ‘തന്തക്ക് പിറക്കല്‍’ ‘ആണുങ്ങളോട് കളിക്കെടാ’ ഒക്കെത്തന്നെയാണ് ആ വിഷച്ചെടിയുടെ വിത്തുകള്‍. അതിനെതിരെയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വാരി വിതച്ചുകൊണ്ടിരിക്കുന്ന ആ വിത്തുകൂടെ ആദ്യം വലിച്ചെറിയുക. ഒരുകൈകൊണ്ട് അറുക്കുകയും മറുകൈകൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുക”.

സനല്‍ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഗൂണ്ടകള്‍ക്ക് മുന്നറിയിപ്പെന്ന നിലയില്‍ മേജര്‍രവി ചില പ്രസ്താവനകള്‍ നടത്തിയിരുന്നു.

“നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ. പൊലീസ് പിടിക്കുന്നതിന് മുന്നേ ആണ്‍പിള്ളേരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ. ഇത് ഒരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്. ഇനി നീയൊന്നും ഞങ്ങടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല’. ഇങ്ങനെ നീണ്ടു മേജര്‍രവിയുടെ മുന്നറിയിപ്പ്. ഇതിനെതിരെയാണ് സനല്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവം വേദനിപ്പിക്കുന്നുവെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാകുമെന്നും ഇന്ന് ഒരു താരത്തിന് ഗൂണ്ടാസംഘത്തില്‍ നിന്ന് ഇത്തരത്തിലുള്ള ക്രൂരത അനുഭവിക്കേണ്ടിവന്നുവെങ്കില്‍ നാളെ നമ്മുടെ ഏതൊരു സഹോദരിക്കും ഇത് സംഭവിക്കാമെന്നും മേജര്‍ രവി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കാനാകാത്ത ഈ സംവിധാനങ്ങളോട് തനിക്ക് പുച്ഛമാണെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ വിഷയത്തില്‍ ഉണര്‍ത്താന്‍ സിനിമാ മേഖലയിലെ എല്ലാവരും ഒരുമിച്ച് രംഗത്തെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ സഹോദരിയെപ്പോലെയുള്ള ഒരു പെണ്‍കുട്ടിയാണ് അവളെന്നും ഇതില്‍ രാഷ്ട്രീയവും ജാതിയും തടസമാകരുതെന്നും മേജര്‍ രവി പറഞ്ഞു. . വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്താന്‍ മേജര്‍ രവി മുഴുവനാളുകളോടും ആവശ്യപ്പെട്ടു. നടിക്കൊപ്പം തങ്ങളെല്ലാവരുമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖയില്‍ നിന്ന് വന്‍പ്രതിഷേധമാണ് ഉയരുന്നത്. നിരവധി താരങ്ങളും സംവിധായകരും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top