‘ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്, പൊലീസ് പിടിക്കുന്നതിന് മുന്‍പ് നീയൊന്നും ആണ്‍പിള്ളേരുടെ മുന്നില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ’; മാര്‍ട്ടിനും പള്‍സര്‍ സുനിക്കും മേജര്‍ രവിയുടെ മുന്നറിയിപ്പ്

മേജര്‍ രവി (ഫയല്‍)

കൊച്ചി: യുവനടിക്ക് നേരെയുള്ള അതിക്രമത്തിനെതിരെ ശക്തമായ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. വിവരം വേദനിപ്പിക്കുന്നുവെന്നും മേജര്‍ രവി പറയുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, പൊതുജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാകും. ഇന്ന് ഒരു താരത്തിന് ഗൂണ്ടാസംഘത്തില്‍ നിന്ന് ഇത്തരത്തിലുള്ള ക്രൂരത അനുഭവിക്കേണ്ടിവന്നുവെങ്കില്‍, നാളെ നമ്മുടെ ഏതൊരു സഹോദരിക്കും ഇത് സംഭവിക്കാമെന്നും മേജര്‍ രവി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കാനാകാത്ത ഈ സംവിധാനങ്ങളോട് തനിക്ക് പുച്ഛമാണെന്നും മേജര്‍ രവി വ്യക്തമാക്കി. സര്‍ക്കാരിനെ വിഷയത്തില്‍ ഉണര്‍ത്താന്‍, സിനിമാ മേഖലയിലെ എല്ലാവരും ഒരുമിച്ച് രംഗത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ രാഷ്ട്രീയവും ജാതിയും തടസമാകരുതെന്നും മേജര്‍ രവി ആവശ്യപ്പെട്ടു. നമ്മുടെ സഹോദരിയെപ്പോലെയുള്ള ഒരു പെണ്‍കുട്ടിയാണ് അവള്‍. വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്താന്‍ മേജര്‍ രവി മുഴുവനാളുകളോടും ആവശ്യപ്പെട്ടു. നടിക്കൊപ്പം തങ്ങളെല്ലാവരുമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പ്രതികളായ ഗൂണ്ടകള്‍ക്കുള്ള കര്‍ശനമായ മുന്നറിയിപ്പും മേജര്‍ രവി നല്‍കിയിട്ടുണ്ട്. ‘നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ. പൊലീസ് പിടിക്കുന്നതിന് മുന്നേ ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ. ഇത് ഒരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്. ഇനി നീയൊന്നും ഞങ്ങടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല’. ഇങ്ങനെ നീളുന്നു മേജര്‍രവിയുടെ മുന്നറിയിപ്പ്.

മേജര്‍ രവിയുടെ പോസ്റ്റ് പൂര്‍ണരൂപത്തില്‍

Sorry and hurt to hear about (Name of the actress). If the government don’t take any strong action forthwith it will be warning to the public..if a celebrity can go through this kind of torture from the rowdy gang; it can happen to any of our sisters. Shame on you all the system who can’t take action on these culprits. And I want that the entire film fraternity to come together on the road till the Government wakes up. No party or caste. She like girls are our sisters.All of you my well wishers wake up and react. (Name of the actress) we are with you!! God bless..
Martin and Pulsar Suni..neeyokke aanpillarodu kalikkada. Police pidikkunnathinnu munne aanpillarude kayyil pedathirikkan prarthichoda….Ithu oru changootamulla pattalakkarana parayunnath….!!!! Eni neeyonnum nhangade Amma pengammare nokkan polum dhairyappedilla…!!

സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഈ കൃത്യം ചെയ്ത തന്തയില്ലാത്തവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും, കൃത്യമായ അന്വേഷണം നടത്തണമെന്നുമായിരുന്നു പ്രിഥ്വിരാജിന്റെ പ്രതികരണം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീസുരക്ഷയെക്കുറിച്ച് സംഭവം കൃത്യമായി അടയാളപ്പെടുത്തുന്നുവെന്നും പ്രൃഥ്വി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. നടിക്ക് പറ്റിയ ഈ ദൗര്‍ഭാഗ്യത്തെ ആരെയും ആഘോഷിക്കാന്‍ അനുവദിക്കാനനുവദിക്കരുതെന്നും പ്രിഥ്വിരാജ് ആവശ്യപ്പെട്ടു. നടിക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കിയ പ്രൃഥ്വി, ഉടന്‍ നടിക്ക് തിരിച്ചുവരാനാകട്ടെയെന്നും ആശംസിച്ചു. ആരെയും ബാക്കിയുള്ള ജീവിതത്തെ വേട്ടയാടാന്‍ അനുവദിക്കരുതെന്നും നടിയോട് പ്രൃഥ്വിരാജ് ആവശ്യപ്പെട്ടു. പതിവ് ഇംഗ്ലീഷ് മീഡിയം തമാശകള്‍ ഈ പോസ്റ്റില്‍ വേണ്ടെന്ന് പറഞ്ഞാണ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അമ്മ അധ്യക്ഷന്‍ ഇന്നസെന്റ് എംപിയും വിഷയത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളും സഹോദരിയുമാണെന്നും കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. അമ്മയും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയം കൊണ്ട് അവരോട് ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ഇന്നസെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ചലച്ചിത്ര ലോകത്തെയാകെ ഞെട്ടിച്ച വിവരം ഇന്നലെ തനിക്ക് ലഭിച്ചയുടനെ മുഖ്യമന്ത്രിയേയും ഡിജിപിയേയും നേരിട്ട് ബന്ധപ്പെട്ടു. സംഭവത്തില്‍ സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതായും ഇന്നസെന്റ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോലീസിനും ഗവണ്‍മെന്റിനും അറിയാവുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതിനാല്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന ആശയക്കുഴപ്പം ഉണ്ടായിരിക്കാമെന്നായിരുന്നു മുകേഷ് എംഎല്‍എയുടെ പ്രതികരണം. പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റേയും കൂടെ പശ്ചാത്തലത്തിലാവാം ചലച്ചിത്രസംഘടനകള്‍ പ്രതികരിക്കാന്‍ അല്‍പം കാത്തിരുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും നടപടി ഉറപ്പുനല്‍കിയെന്നും മുകേഷ് റിപ്പോര്‍ട്ടറോട് പ്രതികരിച്ചിരുന്നു. കടുത്ത പ്രതികരണവുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിന്‍തുടര്‍ന്ന് തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ആക്രമിക്കുകയുമായിരുന്നു. തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍ വെച്ചായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അക്രമി സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ്രൈഡവറെ ഗുണ്ടകളുടെ കാറിലേക്ക് മാറ്റിയ ശേഷം നടിയുടെ കാറില്‍ കയറി. ഒരു മണിക്കൂറോളം നടിയ്‌ക്കൊപ്പം ഇവര്‍ കാറില്‍ തുടര്‍ന്നു. അശ്ലീല ചിത്രങ്ങളും വീഡിയോയും മറ്റും പകര്‍ത്തിയതായി വിവരമുണ്ട്. തുടര്‍ന്ന് പാലാരിവട്ടത്ത് കാര്‍ ഉപേക്ഷിച്ച് നടി, ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.

DONT MISS
Top