ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് അടച്ച പാമ്പാടി, ലക്കിടി നെഹ്‌റു എന്‍ജിനിയറിങ് കോളേജുകള്‍ ഇന്ന് തുറക്കും

ഫയല്‍ ചിത്രം

തൃശൂര്‍ : ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ട പാമ്പാടി, ലക്കിടി നെഹ്‌റു എന്‍ജിനിയറിങ് കോളേജുകള്‍ ഇന്നു തുറക്കും. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് നാല്‍പ്പത്തിരണ്ടു ദിവസമായി അടച്ചിട്ടിരുന്ന കോളേജുകളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ കലക്ടര്‍മാര്‍ വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. എഡിഎമ്മിന്റെ നിരീക്ഷണത്തിലായിരിക്കും കോളേജുകളുടെ പ്രവര്‍ത്തനം.

നെഹ്‌റു ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ മാറ്റി ഡയറക്ടര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കോളേജുകള്‍ തുറക്കുക. ഒന്നാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സമരം ആരംഭിച്ചത്.

പിടിഎ കമ്മിറ്റികളും കുട്ടികളുടെ പരാതി പരിഹാരസെല്ലും രൂപീകരിക്കും. കോളേജ് അടച്ചതിനാല്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവ്, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ സര്‍വകലാശാലയുടെയും മാനേജ്‌മെന്റിന്റെയും ഇടപെടലിലൂടെ പരിഹരിക്കും.കുട്ടികളുടെ ഇന്റേണല്‍ മാര്‍ക്ക് പ്രാബല്യത്തില്‍ വരുന്നതിന് ഏഴുദിവസംമുമ്പ് കോളേജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും തുടങ്ങിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കോളേജ് തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായത്.

ജിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ക്ലാസ്സില്‍ കയറുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. അതിനിടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളേജില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രക്തക്കറ കണ്ടെത്തി. വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെ ചുമരില്‍ നിന്നും തറയില്‍ നിന്നുമാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണു മരിച്ചു കിടന്നിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് കോളേജിലും ഹോസ്റ്റലിലും ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്.

എന്നാല്‍ ഈ രക്തക്കറ ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല, വിശദ പരിശോധനയ്ക്കായി ഇത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ കേസില്‍ ഇത് നിര്‍ണായക വഴിത്തിരിവാകും.

DONT MISS
Top