18 ഭീകരരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം; പിടിക്കപ്പെട്ടവരില്‍ രണ്ടു പേര്‍ യമനികളും ഒരാള്‍ സുഡാനിയും

ഭീകര പട്ടികയില്‍പെട്ട 18 പേരെ മക്ക, മദീന, റിയാദ്, അല്‍ ഖസീം, പ്രവിശ്യകളില്‍ നിന്നാണ് പിടികൂടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയ ഔദ്യോഗിക വാക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. രണ്ട് യമനികള്‍, ഒരു സുഡാനി, ബാക്കിയുള്ളവര്‍ സൗദികളുമാണ് പിടികൂടപ്പെട്ടവരെന്നും സൗദി ആഭ്യന്തര മന്ത്രാലയം വൃക്തമാക്കി.
സുരക്ഷാ വിഭാഗത്തിന്റെ ഉണര്‍ന്നുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇവരെ പിടികൂടിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പതിനെട്ടുപേരുടേയും ഫോട്ടോയും പേരുവിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ ആഭ്യന്തര മന്ത്രാലയം പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും അന്വേഷിച്ചുവരികയും ചെയ്യുകയായിരുന്ന ഭീകരര്‍ക്ക് ഒളിക്കുവാനുള്ള താവളങ്ങള്‍ ഒരുക്കി കൊടുക്കുക, പരിസരം വീക്ഷിക്കുക തുടങ്ങിയവയായിരുന്നു ഇന്ന് പുറത്തുവിട്ട പതിനെട്ടുപേരുടേയും പ്രധാന ദൗത്യമെന്ന് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. അതോടൊപ്പം ഇന്റര്‍നെറ്റ് വഴി സൗദിക്കു പുറത്തുള്ള ഐഎസ് ഭീകരരുമായി സഹകരിച്ച് ഭീകര ചിന്തകള്‍ പങ്കുവെക്കുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ലക്ഷ്യം പൂര്‍ത്തി യാക്കിക്കൊടുക്കുകയും ചെയ്യുകയും ഇവരുടെ പ്രവൃത്തികളായിരുന്നു.

പിടിക്കപ്പെട്ട ഭീകരരില്‍ ചിലര്‍ക്ക് ബെല്‍റ്റ് ബോംബ് നിര്‍മ്മാണത്തിലും, സ്‌ഫോടന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും പ്രാവീണ്യമുണ്ട്. ചാവേര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്ന ഭീകരര്‍ക്ക് ഇത് എത്തിച്ചു കൊടുക്കുകയും സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമായ വസ്തുക്കള്‍ സംഘടിപ്പിക്കുകയും ബെല്‍റ്റ് ബോംബുകള്‍ ഉപയോഗിക്കേണ്ട രീതി ഭീകരര്‍ക്ക് പഠിപ്പിക്കുകയും ചെയ്യുകയും ഇവരുടെ ചുമതലയായിരുന്നു. പിടിക്കപ്പെട്ടവരില്‍ രണ്ടു പേര്‍ യമനികളും ഒരാള്‍ സുഡാനിയും ബാക്കിയുള്ളവര്‍ സൗദികളുമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

DONT MISS
Top