‘കഥകളി’യിലെ ആദ്യഗാനം പുറത്തിറങ്ങി

സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച കഥകളി എന്ന സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി. ബിജിബാല്‍ സംഗീതം ചെയ്തു പാടിയ പാട്ടാണ് പുറത്ത് വന്നത്. ഭാരതപ്പുഴയുടെ അവസ്ഥയെ ചൂണ്ടികാണിക്കുന്ന ഗാനമാണിത്. മനുഷ്യന്റെ പ്രവര്‍ത്തികള്‍ മൂലം നശിച്ച പുഴയുടെ നൊമ്പരമാണ് പാട്ടിന്റെ ഉള്ളടക്കം. നാസിന്‍ ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അതിമനോഹരമായ കവിതയാണ് കഥകളിയിലെ ഏറ്റവും പുതിയതായി ഇറങ്ങിയ ഈ പാട്ട്. നാസിന്‍ എഴുതിയ കവിത സംഗീതം കൊണ്ട് ബിജിബാല്‍ കാതിന് ഇമ്പമുള്ളതാക്കിയിരിക്കുന്നു. ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥയോട് വിരല്‍ചൂണ്ടുന്ന ഗാനത്തിന് ശക്തമായ ഭാവഭേദങ്ങള്‍ നല്‍കിയാണ് ബിജിബാല്‍ ഗാനം പാടിയിരിക്കുന്നത്.

സിനിമയില്‍ നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന കാരണത്താലാണ് അംഗപരിമിതനായ സൈജോ കണ്ണാനിക്കല്‍ സംവിധാനം ചെയ്ത കഥകളി  സെന്‍സര്‍ ബോര്‍ഡ് വിലക്കിയത്. കഥകളി വേഷം അഴിച്ചുവച്ച് പൂര്‍ണ നഗ്നനായി പുഴയിലേയ്ക്ക് നടന്ന് നീങ്ങുന്ന നായകനിലൂടെയാണ് സിനിമ അവസാനിക്കുന്നത്. ഈ ഭാഗമാണ് സെന്‍സര്‍ബോര്‍ഡിന്റെ കടുത്ത വിമര്‍ശനത്തിന് വിധേയമായത്. സിനിമയ്ക്ക് ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചെങ്കിലും പിന്നണി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു. 2 മണിക്കുര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ജര്‍മ്മന്‍കാരി ഐറിന ജേക്കബിയും ബിനോയ് നമ്പാലയുമാണ് മുഖ്യവേഷത്തിലെത്തുന്നത്.

DONT MISS
Top