മറന്നോ ഈ പഴയ ഹീറോയെ?; ഗൃഹാതുരത്വം ഉണര്‍ത്താന്‍ നോക്കിയ 3310 വരുന്നൂ

ബാര്‍സിലോണയില്‍ വെച്ച് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2017 ല്‍ തങ്ങളുടെ വമ്പ് കാണിക്കാനുള്ള ഒരുക്കത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളെല്ലാം. വമ്പന്‍ ബ്രാന്‍ഡുകള്‍ മുതല്‍ വിപണയില്‍ ചുവട് ഉറപ്പിക്കുന്ന കുഞ്ഞന്മാര്‍ വരെ കാഴ്ചക്കാരെ അതിശയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, നോക്കിയയുടെ വരവും ഇത്തവണത്തെ MWC 2017 ന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

നോക്കിയയുടെ ഉടമവസ്ഥാവകാശം നേടിയ എച്ച്എംഡി ഗ്ലോബല്‍, ഇത്തവണ ഒരുപിടി നോക്കിയ ഫോണുകളെയാണ് MWC ല്‍ അവതരിപ്പിക്കുക. ഫഌഗ്ഷിപ്പ് മോഡലായ P1, നോക്കിയ 3, നോക്കിയ 5 ഉള്‍പ്പെടെയുള്ള മോഡലുകളാണ് നോക്കിയ അവതരിപ്പിക്കാനിരിക്കുന്നത്. എന്നാല്‍ ഇതിന് പുറമെ, ഒരു കാലത്ത് വിപണി വാണിരുന്ന 3310 ഫീച്ചര്‍ ഫോണിനെ നോക്കിയ തിരികെ കൊണ്ട് വരുന്നൂ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഏകദേശം 4000 രൂപ നിരക്കിലാണ് 3310 ഫീച്ചര്‍ ഫോണിനെ എച്ച്എംഡി ഗ്ലോബല്‍ ഒരുക്കിയിരിക്കുന്നത്. 3310 മോഡലിന്റെ തിരിച്ച് വരവ് നോക്കിയ ആരാധകര്‍രെ കോരിത്തരിപ്പിച്ചിരിക്കുകയാണ്. ലളിതമായ ഇന്റര്‍ഫെയ്‌സും, സ്‌നെയ്ക് II എന്ന പ്രീലോഡഡ് ഗെയിമും ഉള്‍പ്പെടുന്ന നോക്കിയ 3310 ഫീച്ചര്‍ ഫോണ്‍, ഗൃഹാതുരത്വം ഉണര്‍ത്തുമെന്ന് ഉറപ്പാണ്. നിലവില്‍ ഇ കൊമേഴ്‌സ് സൈറ്റായ ഇ ബെയില്‍ പഴയ 3310 ഫീച്ചര്‍ ഫോണുകള്‍ ലഭ്യമാണ്. 1500 രൂപ മുതല്‍ 5000 രൂപ നിരക്കിലാണ് ഇ ബെയില്‍ മോഡലിന് വില വരുന്നത്.

DONT MISS
Top