റൊമാന്റിക് ത്രില്ലറുമായി ധനുഷ്-ഗൗതം മേനോന്‍ കൂട്ട്‌കെട്ട്

ചെന്നൈ: ധനുഷ് ഗൗതം മേനോന്‍ കൂട്ട്‌കെട്ടിന്റെ ഏറ്റവും പുതിയ റീലീസായ “എന്നൈ നോക്കി പായും തോട്ട”യുടെ ആദ്യ ഗാനം പുറത്തിറങ്ങി. സിനിമയെ പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും സംഗീതത്തെപ്പറ്റി യാതൊരു വിധ വാര്‍ത്തയും പുറത്ത് വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങുമ്പോഴും സംഗീത സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് മിസ്റ്റര്‍ എക്‌സ് എന്നാണ് എഴുതിയിരിക്കുന്നത്. സംവിധായകന്‍ ആരാണെന്ന് പറയാതെ പുറത്ത് വിട്ട ഗാനം ഒരു മിനിറ്റ് ദൈര്‍ഘ്യം നീളുന്നു. ഗൗതം മേനോന്‍ സിനിമയുടെ സ്ഥിരം ഹിറ്റ് ഘടകമായ സംഗീതത്തെ പറ്റി യാതൊരു വിധ വാര്‍ത്തയും പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ല. എ.ആര്‍ റഹ്മാനാണോ ഹാരിസ് ജയരാജാണോ സംഗീതം കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റിയുള്ള വിവരം രഹസ്യമായി സൂക്ഷിച്ചിരുന്നു.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ധനുഷിനോടൊപ്പം പുതുമുഖ താരം മേഘ ആകാശാണ് നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ 80 ശതമാനവും പൂര്‍ത്തികരിക്കാന്‍ സാധിച്ചുവെന്നാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നുമുള്ള  പുതിയ വാര്‍ത്ത. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന സിനിമ നിര്‍മ്മിക്കുന്നത് ഒണ്‍ഡ്രാഗ എന്റര്‍ടൈന്‍മെന്റും, എസ്‌കൈപ്പ് ആര്‍ട്ടിസ്റ്റും കൂടിയാണ്. ഇതിനോടകം തന്നെ ധനുഷിന്റെ ഒരു ഗെറ്റപ്പ് പുറത്ത് വന്നിരുന്നു. രണ്ടാമത്തെ ഗെറ്റപ്പ്‌ എന്താകുമെന്ന ആകാംഷയിലാണ് സിനിമ ആസ്വാദകര്‍.

ഗൗതം മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മലയാളി ജോമോന്‍.ടി.ജോണ്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലയാളികളടക്കമുള്ളവര്‍ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. റൊമാന്റിക് ത്രില്ലറായ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുന്നു. ഫെബ്രുവരിയോടെ സിനിമ റിലീസ് ചെയ്യാനാകുമെന്നാണ് കരുതുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top