കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ ഒളിച്ചോട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടി ക്രമം ആഭ്യന്തരമന്ത്രാലയം റദ്ദ് ചെയ്തു

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ ഒളിച്ചോട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനു നിലവിലുള്ള നടപടി ക്രമം ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തു. ഇത് പ്രകാരം ഗാര്‍ഹിക തൊഴിലാളി സമിതി മുഖേനെ മാത്രമായിരിക്കും ഇനിമുതല്‍ ഇത്തരം പരാതികള്‍ സ്വീകരിക്കുക. നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നാണു നടപടി.

പൊലീസ് സ്റ്റേഷനുകള്‍ ,ആഭ്യന്തര മന്ത്രാലയത്തിലെ സര്‍വ്വീസ് സെന്ററുകള്‍ എന്നിവ മുഖേനെയാണു നിലവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എതിരെ സ്‌പോണ്‍സര്‍മാര്‍ ഒളിച്ചോട്ട പരാതികള്‍ സമര്‍പ്പിക്കുന്നത്.നിയമം ദുരുപയോഗം ചെയ്തു കൊണ്ട് ആയിരക്കണക്കിനു വ്യാജ ഒളിച്ചോട്ട പരാതികളാണു തൊഴിലാളികള്‍ക്ക് എതിരെ സ്‌പോണ്‍സര്‍മ്മാര്‍ സമര്‍പ്പിക്കുന്നത്.നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് കൊണ്ട് തൊഴിലാളിക്ക് എതിരെ വ്യാജ പരാതി സമര്‍പ്പിച്ച ശേഷം പകരം വിസ നേടുന്ന പ്രവണതയാണു ഇതോടെ ഇല്ലാതാകുക.

ഗാര്‍ഹിക തൊഴിലാളിക്ക് എതിരെ ഒളിച്ചോട്ട പരാതി ലഭിക്കുന്നതോടെ അനധികൃത താമസക്കാരുടെ പട്ടികയില്‍ പെടുകയും പിടിക്കപ്പെട്ടാല്‍ രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടു കടത്തപ്പെടുകയും ചെയ്യുന്നു.മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേരാണു വ്യാജ ഒളിച്ചോട്ട പരാതിക്ക് ഇരയായി രാജ്യത്ത് അനധികൃത താമസക്കാരായി കഴിയുന്നത്.ഇതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിവിധ രാജ്യങ്ങളുടെ എംബസികളും നിരന്തരം രംഗത്ത് വന്നിരുന്നു. പുതിയ തീരുമാന പ്രകാരം പരാതിക്ക് ഇരയാവുന്ന തൊഴിലാളികളുടെ വാദം സമര്‍പ്പിക്കാനും തൊഴിലാളികളുടെ തൊഴില്‍ പരമായ അവകാശങ്ങള്‍ നേടിയേടുക്കാനും അവസരം ലഭിക്കും.കൂടാതെ വ്യാജ പരാതികള്‍ നിയന്ത്രിക്കുവാനും സാധ്യമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top