പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ രണ്ടാം ട്രെയ്‌ലറെത്തി; ജാക്ക് സ്പാരോ ഉടന്‍തന്നെ സ്‌ക്രീനിലെത്തും

കരീബിയന്‍ കടല്‍ക്കൊള്ളക്കാരെപ്പറ്റിയുള്ള കല്‍പിത കഥകളുടെ സിനിമാ പരമ്പരയായ ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗം ഡെഡ്മാന്‍ ടെല്‍സ് നോ ടേയ്ല്‍സിന്റെ’ രണ്ടാം ട്രെയ്‌ലര്‍ പുറത്തിറങ്ങി. പുറത്തുവന്നയുടനെ വന്‍ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. ചിത്രം മെയ് 26ന് തീയേറ്ററുകളിലെത്തും. ജോഷിം റോണിംഗും എസ്പന്‍ സാന്‍ഡ്ബര്‍ഗും ചേര്‍ന്നാണ് സംവിധാനം.

മറ്റു ഭാഗങ്ങള്‍ പോലെതന്നെ കഥാനായകന്‍ ജാക്ക് സ്പാരോയായി ഹോളിവുഡ് സൂപ്പര്‍ താരം ജോണി ഡെപ്പ് വേഷമിടും. നാലാം ഭാഗത്തില്‍ ഇല്ലാതിരുന്ന ഒര്‍ലാന്റോ ബ്ലൂം അഞ്ചാം ഭാഗത്തില്‍ തിരിച്ചെത്തും. നാലാം ഭാഗത്തില്‍നിന്നു ഭിന്നമായി ആദ്യ മൂന്നു ഭാഗങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാവും ‘ഡെഡ്മാന്‍ ടെല്‍സ് നോ ടേയ്ല്‍സിന്’. കയ സ്‌കൊഡ്‌ലാറിയോ ആണ് ചിത്രത്തില്‍ നായിക. മറ്റ് നാലു ഭാഗങ്ങളും പോലെ ജെറി ബ്രൂഖൈമര്‍ തന്നെയാണ് അഞ്ചാം ഭാഗത്തിന്റേയും നിര്‍മാണം.

വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസിന്റെ അഭിമാന സിനിമാ പരമ്പരകളിലൊന്നായ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ആദ്യ ഭാഗം പുറത്തുവന്നത് 2003ലാണ്. ആദ്യ വരവ് ഗംഭീരമായതിനെത്തുടര്‍ന്ന് രണ്ടാം ഭാഗം 2006ല്‍ വന്നു. തുടര്‍ന്ന് 2007ലും 2011ലും പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ബോക്‌സോഫീസിനെ വിറപ്പിച്ചു. ഒരു ബില്യന്‍ ഡോളറിലേറെ വാരിയ ഒന്നിലേറെ ചിത്രങ്ങളുള്ള ഒരേയൊരു സിനിമാ പരമ്പര ഈ ചിത്രത്തിന്റേതാണെന്ന് പറയുമ്പോഴേ ലോകസിനിമകളുടെ ചരിത്രത്തില്‍ ഈ ജോണി ഡെപ്പ് സിനിമകളുടെ പ്രാധാന്യം മനസിലാകും.

DONT MISS
Top