ട്രോളാന്‍ ശീലിച്ച് തമിഴ് മക്കള്‍; ചിട്ടിയെ പൊളിച്ച്മാറ്റി ചിന്നമ്മയെ പ്രതിഷ്ഠിക്കുന്നെന്ന് തമിഴ് ട്രോളന്‍മാര്‍

ചെന്നൈ: പച്ചക്കറി ഉത്പാദനത്തിലും, മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലും മാത്രമല്ല ട്രോളുകളുടെ കാര്യത്തിലും മലയാളികളെ പൂട്ടാന്‍ തയ്യാറെടുക്കുകയാണ് തമിഴ് ട്രോളന്‍മാര്‍. തലൈവി ജയലളിതയുടെ മരണത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്തിപദത്തിലേറുവാന്‍ പോകുന്ന ചിന്നമ്മയെ കണക്കിന് ട്രോളുകയാണ് തമിഴ് ജനത.

അമേരിക്കയില്‍ ഡോണാള്‍ഡ് ട്രമ്പ് സ്ഥാനമേറ്റതാണ് ചിന്നമയ്ക്ക് മുഖ്യസ്ഥാനത്തേക്കുള്ള പ്രചോദനമെന്നും ട്രോളുകളില്‍ പറയുന്നു. ശശികല നടരാജന്‍ ട്വീറ്റര്‍ അക്കൗണ്ടില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത്.

ഒ പനീര്‍സെല്‍വമെന്ന പകരക്കാരനാണ് പ്രധാനമായും എല്ലാത്തരം ട്രോളുകള്‍ക്കും ഇരയാകുന്നത്. രജനികാന്തിന്റെ യന്തിരന്‍ ചിത്രത്തെ ആസ്പദമാക്കി യജമാനന്റെ അനുസരണക്കനുസരിച്ച് സ്വയം പൊളിഞ്ഞുമാറുന്ന ചിട്ടിയെന്നാണ് പനീര്‍സെല്‍വത്തെ ജനങ്ങള്‍ പറയുന്നത്. ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീര്‍സെല്‍വം അവര്‍ക്ക് പ്രതിസന്ധികള്‍ നേരുന്ന സമയത്തും ജയയുടെ മരണശേഷവും മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ ചിന്നമ്മയുടെ ആജ്ഞയ്ക്ക് അനുസരിച്ച് മുഖ്യമന്ത്രി പദം ഒഴിയുന്നതിനാലാണ് പനിര്‍സെല്‍വത്തെ പാവയെന്ന് ട്രോളന്‍മാര്‍ പറയുന്നത്.

തമിഴ് സിനിമ മീമുകള്‍ ഉപയോഗിച്ച് തമിഴ്താരം വിവേക് കേരളത്തിലോട്ട് കുടിയേന്നുവെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ചിന്നമ്മയെ അംഗീകരിക്കുവാന്‍ തയ്യാറാകാത്ത തമിഴ് ജനത പിണറായി വിജയനെ മുഖ്യമന്ത്രിയായി അംഗീകരിക്കുവാന്‍ തയ്യാറാണെന്നും പറഞ്ഞ് വയ്ക്കുന്നുണ്ട്. രണ്ട് മാസങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് പിടിച്ചെടുക്കുന്നുവെന്ന രീതിയിലാണ് ശശികലയ്ക്ക് എതിരെയുള്ള ട്രോളുകള്‍ ചിത്രീകരിക്കുന്നത്.

പരലോകത്തിരുന്ന് ജയലളിത തന്റെ ഉപദേശകനും ആത്മാര്‍ഥ സുഹൃത്തുമായ ചോ രാമസ്വാമിയോട് ഇതൊന്നും താന്‍ ആഗ്രഹിച്ചിരുന്ന രീതിയിലല്ല കാര്യങ്ങള്‍ പോകുന്നത് പറയുന്ന ട്രോളും തമിഴ് ജനതയ്ക്കിടയില്‍ സജിവമാണ്. എന്തിനെയും വികാരഭരിതമായി നേരിടുന്ന അവര്‍ ജയലളിതയെ ഉപയോഗിച്ച് ശശികലയെ ട്രോളുന്നത് എങ്ങനെ സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

മലയാളികളെ സംബന്ധിച്ചിടത്തോളം ആസ്ഥാന കലയായ ട്രോളല്‍ മറ്റ് സംസ്ഥാനക്കാരെയും പരിശീലിപ്പിച്ചതില്‍ അഭിമാനപൂരിതരാകാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top