വീസാ നിരോധനം അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന ട്രംപിന്റെ അപേക്ഷ ഫെഡറല്‍ കോടതി തള്ളി

സാന്‍ഫ്രാന്‍സിസ്‌കോ: അഭയാര്‍ത്ഥികള്‍ക്ക് മേലും തെരഞ്ഞെടുത്ത രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് മേലും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിസാ നിരോധനം പുന:സ്ഥാപിക്കണമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അപേക്ഷ ഫെഡറല്‍ കോടതി തള്ളി. അതേസമയം, ട്രംപ് ഭരണ സമിതി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിസാ നിരോധനത്തെ എതിര്‍ത്ത വാദക്കാര്‍ വിശദീകരണം നല്‍കണമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ 9 മത് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് നിര്‍ദ്ദേശം നല്‍കി.

കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി ശനിയാഴ്ചയാണ് സ്റ്റേ ചെയ്തത്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി തള്ളിയിരുന്നു.

ട്രംപിന്റെ ഉത്തരവിനെതിരെ വാഷിംഗ്ടണ്‍ സ്റ്റേറ്റാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നാലെ മിനോസോട്ട സംസ്ഥാനവും കേസില്‍ കക്ഷിചേരുകയായിരുന്നു. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ് ട്രംപിന്റെ ഉത്തരവെന്നും വാഷിംഗ്ടണ്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗൂസണ്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.

പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. പ്രവേശന വിലക്കിനെ തുടര്‍ന്ന് അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് വിസ നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 60,000 പേരുടെ വിസകള്‍ റദ്ദാക്കിയിട്ടുള്ളൂവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്.

ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.

DONT MISS
Top