വിസ നിയന്ത്രണത്തില്‍ അമേരിക്ക അയവ് വരുത്തി; സാധുവായ വിസയുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാമെന്ന് വിദേശകാര്യമന്ത്രാലയം

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍ : ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് മയപ്പെടുത്തി. സാധുവായ വിസയുള്ളവര്‍ക്ക് ഇനി അമേരിക്കയില്‍ പ്രവേശിക്കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേതാണ് ടീരുമാനം. ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കിയ വിസകള്‍ പുനഃസ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു.


മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി തടഞ്ഞതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം. സിയാറ്റില്‍ ജഡ്ജി ജെയിംസ് റോബര്‍ട്ടാണ് ട്രംപിന്റെ ഉത്തരവ് രാജ്യവ്യാപകമായി താല്‍ക്കാലികമായി തടഞ്ഞത്. കോടതി ഉത്തരവിനെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വിസ റദ്ദാക്കിയ നടപടി തടഞ്ഞ യുഎസ് ഫെഡറല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളില്‍ തടഞ്ഞവരെ രാജ്യത്ത് പ്രവേശിപ്പിക്കാനുള്ള നടപടികള്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും എടുത്തുതുടങ്ങി.


അതിനിടെ ഏഴ് മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടി തടഞ്ഞ കോടതി ഉത്തരവ് പരിഹാസ്യമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ക്രമസമാധാനം അസാധ്യമാക്കുന്നതാണ് ജില്ലാ ജഡ്ജി ജയിംസ് റോബര്‍ട്ടിന്റെ നിലപാട്. പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം ലഭിക്കാത്ത രാജ്യങ്ങളില്‍ വന്‍ കുഴപ്പങ്ങളുണ്ടാകുമെന്നും ട്രംപ് ടിറ്ററില്‍ കുറിച്ചു.


കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി ശനിയാഴ്ചയാണ് സ്റ്റേ ചെയ്തത്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും കോടതി തള്ളിയിരുന്നു. ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്.

ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. തീവ്രവാദികള്‍ രാജ്യത്ത് കടക്കുന്നത് തടയുക, ആഭ്യന്തര സുരക്ഷ എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വിവാദ ഉത്തരവ്. ഇതേത്തുടര്‍ന്ന് ഏതാണ്ട് 60,000 ഓളം വിസകളാണ് യുഎസ് സ്‌റ്റേറ്റ് ഡി്പ്പാര്‍ട്ട്‌മെന്റ് റദ്ദാക്കിയത്. പ്രവേശന വിലക്കിനെതിരെ യുഎസിലും ലോകത്തും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top