ലോ അക്കാദമി സമരം; വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ചര്‍ച്ച പരാജയം; ക്ഷുഭിതനായ മന്ത്രി ഇറങ്ങിപ്പോയി; സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോ അക്കാദമി വിഷയം പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടേ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. ചര്‍ച്ചയ്ക്കിടെ മന്ത്രി സി രവീന്ദ്ര നാഥ് ക്ഷുഭിതനായി ഇറങ്ങിപ്പോയി. സമരത്തിന് പിന്തുണയുമായി മുന്നിട്ടു നില്‍ക്കുന്ന കെഎസ്‌യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കാമെന്നത് ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റിന്റെ ഫോര്‍മുല അംഗീകരിക്കണമെന്നാണ് മന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

വിദ്യാഭ്യാസ മന്ത്രി മാനേജ്‌മെന്റിന്റെ അഭിഭാഷകനായി പെരുമാറുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അദ്ദേഹം മാനേജ്‌മെന്റിന്റെ പക്ഷം പിടിക്കുതയാണ്. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം വിദ്യാഭ്യാസ മന്ത്രിയാണ്. അദ്ദേഹം തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചില്ല. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം, ലോ അക്കാദമി പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഒരു നിര്‍ദ്ദേശവും മുന്നോട്ടുവെച്ചില്ല.

പൊലീസിന്റെ സഹായത്തോടെ തിങ്കളാഴ്ച കോളെജ് തുറക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കോളെജ് തുറക്കാമെന്ന പ്രത്യാശ മാനേജ്‌മെന്റ് പ്രകടിപ്പിച്ചോട്ടെയെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ പറഞ്ഞു. വര്‍ഷം മുഴുവന്‍ കോളെജ് അടച്ചിട്ടാലും ലക്ഷ്മി നായര്‍ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.

DONT MISS
Top