വിരാട് കോഹ്ലിയെ ഭയക്കണം; ഒാസ്ട്രേലിയയുടെ പ്രധാന എതിരാളി ഇന്ത്യന്‍ നായകനെന്ന് മൈക്കല്‍ ഹസി

മെല്‍ബണ്‍: നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലിയായിരിക്കും ഒന്നാം നമ്പര്‍ ശത്രുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസി. പരമ്പരയില്‍ കോഹ്ലിയെ പ്രകോപിതനാക്കാതിരിക്കുന്നതാണ് ബുദ്ധിയെന്ന് സ്റ്റീവ് സ്മിതിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സംഘത്തിനുള്ള മൈക്കല്‍ ഹസിയുടെ ഉപദേശം.

ഏഷ്യന്‍ പിച്ചില്‍ ഏറ്റവും കുടുതല്‍ ബാറ്റിംഗ് ആവറേജുള്ള ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനാണ് മൈക്കല്‍ ഹസി. പരമ്പരയില്‍ കോഹ്ലിയാകും ഓസ്‌ട്രേലിയയുടെ പ്രധാന എതിരാളിയെന്നും കോഹ്ലിയെ പുറത്താക്കുന്നതിലാകണം ഓസ്‌ട്രേലിയയുടെ ശ്രദ്ധയെന്നും മൈക്കല്‍ ഹസി വ്യക്തമാക്കി. ഫെബ്രുവരി 23 മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

മത്സരത്തിനിടയിലുള്ള പ്രകോപനങ്ങളെ കോഹ്ലി ഇഷ്ടപ്പെടുന്നൂവെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ കോഹ്ലിയുടെ പ്രകടനത്തെ കടിഞ്ഞാണിടാന്‍ സാധിക്കില്ലെന്നും ഹസി അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദത്തില്‍ കളിക്കാനിഷ്ടപ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെന്ന് മൈക്കല്‍ ഹസി, ക്രിക്കറ്റ്.കോ.എയു വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ നിരയില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മികച്ച ഫോമിലാണെന്നും പരമ്പരയില്‍ ഇവര്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ ഓസ്്‌ട്രേലിയയെ കീഴ്‌പ്പെടുത്താന്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടാകുമെന്നും ഹസി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top