ഔദ്യോഗിക സ്ഥിരീകരണം എത്തി; ഈ വര്‍ഷം തന്നെ ബംഗളൂരുവില്‍ നിന്നും ഐഫോണുകള്‍ ഉത്പാദിപ്പിച്ച് തുടങ്ങും

ബംഗളൂരു: ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതിന് ഔദ്യോഗിക പ്രഖ്യാപനം എത്തി. ബംഗളൂരുവിലെ ഫാക്ടറിയില്‍ നിന്നും ഐഫോണുകളെ നിര്‍മ്മിക്കാനുള്ള ആപ്പിളിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് കൊണ്ട് കര്‍ണാടക ഗവണ്‍മെന്റ് പ്രസ്താവന പുറത്തിറക്കി. ബംഗളൂരുവില്‍ നിന്നും ഐഫോണുകളെ നിര്‍മ്മിക്കാന്‍ ആപ്പിള്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നൂവെങ്കിലും ഇതാദ്യമായാണ് ഔദ്യോഗിക സ്ഥരീകരണം ലഭിക്കുന്നത്.

ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ ഒപ്പോടെയുള്ള പ്രസ്താവനയാണ് കര്‍ണാടക ഗവണ്‍മെന്റ് പുറത്തിറക്കിയത്. രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ സാങ്കേതികതയെ ഉയര്‍ത്തുന്നതില്‍ ആപ്പിളിന്റെ വരവ് നിര്‍ണായകമാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഉത്പാദനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ജൂണ്‍ മാസത്തോടെ ഐഫോണുകള്‍ ഉത്പാദിപ്പിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ, രാജ്യാന്തര തലത്തില്‍ ഐഫോണുകളെ അസംബിള്‍ ചെയ്യുന്ന മൂന്നാമത്തെ രാഷ്ട്രമാകും ഇന്ത്യ. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലുണ്ടായ വന്‍ കുതിച്ച് ചാട്ടമാണ് ഇത്തരമൊരു നീക്കത്തിന് ആപ്പിളിനെ പ്രേരിപ്പിച്ചത്.

കുപ്പര്‍ട്ടീനോ കേന്ദ്രീകൃതമായ ആപ്പിളിന്റെ ഉദ്യോഗസ്ഥരുമായി കര്‍ണാടക മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയതായി പ്രസ്താവന പറയുന്നു. ആപ്പിളിന്റെ ഒറിജിനല്‍ എക്വപിമെന്റ് മാനുഫാക്ച്ചററായ വിസ്‌ട്രോണ്‍, ബംഗളൂരു നഗരത്തിലെ വ്യവസായ കേന്ദ്രമായ പീന്യയിലാണ് ഫാക്ടറി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്.

DONT MISS
Top