ചെന്നൈയിലെ എണ്ണചോര്‍ച്ച; കടുത്ത പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍ ( വീഡിയോ )

ഫയല്‍ ചിത്രം

ചെന്നൈ : കാമരാജര്‍ തുറമുഖത്തിന് സമീപം ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ എണ്ണ ചോര്‍ച്ചയില്‍ കടലില്‍ വന്‍ തോതിലാണ് മാലിന്യം പടരുന്നത്. ഇത് കരയുമായി അടുത്ത് കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത പാരിസ്ഥിതിക ആഘാതമാണ് സൃഷ്ടിക്കുക.

ചെന്നൈ എണ്മോര്‍ തുറമുഖത്തിന് സമീപം ജനുവരി 28നാണ് എണ്ണയുമായി വന്ന കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചാണ് കടലില്‍ മാലിന്യം പരക്കുന്നത് ആരംഭിച്ചത്. കടലിലെ 30 കിലോമീറ്റര്‍ പ്രദേശം കനത്ത മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. എണ്ണപാട പരക്കുന്നതിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ നിന്നും ജലത്തിലേക്കുള്ള ഓക്‌സിജന്‍ വ്യാപനത്തില്‍ തടസ്സം നേരിടുന്നു. ഇതുമൂലം ആമയും, മീനുകളുമുള്‍പ്പെടെയുള്ളവ ചത്ത് പൊന്തുകയാണ്. ജലജീവികളില്‍ കനത്ത ആഘാതമാണ് എണ്ണ പടരുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്നത്. ഇവയുടെ പ്രജനനത്തെ വരെ ഹാനികരമായി എണ്ണ ചോര്‍ച്ച ബാധിക്കും.

സന്നദ്ധത സംഘടനകളുടെയും, യന്ത്ര സഹായത്തോടെയും ഇതുവരെ 50 ടണ്‍ മാലിന്യം മാലിന്യം മാത്രമാണ് നീക്കം ചെയ്യുവാന്‍ സാധിച്ചിട്ടുള്ളത്. തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഠിന പ്രയത്‌നമാണ് തീരത്ത് നടത്തുന്നത്. എഴുപത് ടണ്‍ മാലിന്യമാണ് ഇതുവരെ കടലില്‍ പരന്നതായി കണക്കാക്കപ്പെടുന്നത്. കടലില്‍ ബെന്‍സീന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുകള്‍ കലര്‍ന്നതിനാല്‍ പരിസരം സന്ദര്‍ശിക്കുന്നവരിലും, മാലിന്യം നീക്കം ചെയ്യുന്നവരിലും കടുത്ത ചര്‍മ്മ രോഗങ്ങള്‍ക്കും, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ജീവജാലങ്ങളിലും, സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് എണ്ണ ചോര്‍ച്ച വഴിവെക്കുന്നത്. പാരിസ്ഥിതിക സംഘടനകള്‍ പ്രതിസന്ധി തരണം ചെയ്യുന്നതിനായി വിവിധ മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top