ചെന്നൈയിലെ എണ്ണ ചോര്‍ച്ച: തീരത്ത് നിന്ന് ഇതുവരെ നീക്കം ചെയ്തത് 50 ടണ്‍ മാലിന്യം; കടലില്‍ ജീവികള്‍ ചത്തു പൊങ്ങുന്നു

ചെന്നൈ തീരത്ത് നിന്ന് മാലിന്യം നീക്കുന്നു

ചെന്നൈ: കാമരാജര്‍ തുറമുഖത്തിന് സമീപം ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് കടലില്‍ പരന്ന മാലിന്യം നീക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി തുടരുന്നു. തീരത്ത് നിന്ന് ഇതുവരെ നീക്കം ചെയ്തത് 50 ടണ്‍ മാലിന്യമാണ്. വിവിധ തലങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് കപ്പലുകള്‍ കൂട്ടിയിടിച്ചത്. ഇനിയും 20 ടണ്ണിലേറെ മാലിന്യം നീക്കം ചെയ്യേണ്ടതായുണ്ടെന്ന് മാലിന്യ നിര്‍മാര്‍ജ്ജനവിഭാഗം ചുമതലയുള്ള കമാന്‍ഡര്‍ പ്രദീപ് ബി മണ്ഡല്‍ പറഞ്ഞു.

കോസ്റ്റ് ഗാര്‍ഡ് ജീവനക്കാര്‍, മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളവര്‍, കോളേജേ വിദ്യാര്‍ത്ഥികള്‍, മത്സ്യത്തൊഴിലാളികള്‍, തുടങ്ങി ആയിരത്തിലധികം പേര്‍ മാലിന്യം നീക്കം ചെയ്യാനായി രംഗത്തുണ്ട്. യന്ത്രം ഉപയോഗിച്ചും അല്ലാതെയും മാലിന്യം നീക്കുന്നുണ്ട്. യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയും മുന്‍കരുതലുകളും ഇല്ലാതെയാണ് പ്രവര്‍ത്തനം നടക്കുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നു. എണ്ണപ്പാട കലര്‍ന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ഏറ്റവും നല്ല മാര്‍ഗം കൈ ഉപയോഗിക്കുന്നതാണെന്ന് കാമരാജര്‍ തുറമുഖത്തിന്റെ ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ സുരക്ഷയ്ക്കായുള്ള കാര്യങ്ങള്‍ ചെയ്യാതെയാണ് ആളുകള്‍ ഇത് ചെയ്യുന്നത്.

അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍:

  • കടലില്‍ പരന്ന എണ്ണ വലിച്ചെടുക്കുന്നതിനായി കൊണ്ടുവന്ന യന്ത്രം വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ല. മാലിന്യത്തിന് പകരം വെള്ളമാണ് യന്ത്രം കൂടുതലായി വലിച്ചെടുക്കുന്നത്.
  • ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് കോസ്റ്റ്ഗാര്‍ഡ് പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.
  • എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് ആമ ഉള്‍പ്പെടെയുള്ള ജീവികള്‍ ചത്തു പൊങ്ങുന്നു. നാല് ആമകളെയാണ് ഇതുവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
  • എണ്ണ ചോര്‍ച്ച കാരണം അന്തരാക്ഷത്തില്‍ നിന്ന് വെള്ളത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് ജീവികള്‍ ചത്ത് പൊങ്ങാന്‍ കാരണം.
  • മത്സ്യത്തൊഴിലാളികള്‍ കച്ചവടമില്ലാതെ വലയുന്നു. പതിനായിരക്കണക്കിന് രൂപയുടെ മത്സ്യം വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്നു.
  • എണ്ണ ചോര്‍ച്ചയുടെ ഘടന വിശദമായി പഠിക്കാന്‍ അണ്ണ സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ ആളില്ലാ വാഹനം ഉപയോഗിക്കുന്നു.
DONT MISS
Top