പുകയില ഉത്പ്പന്നങ്ങള്‍ക്ക് വിലകൂടും; ഡിജിറ്റല്‍വത്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവുകള്‍

ഫയല്‍ ചിത്രം

ദില്ലി: ചരക്കുസേവന നികുതി ജൂലായില്‍ നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന പതിവ് രീതി ഇത്തവണത്തെ ബജറ്റില്‍ ഇടംപിടിച്ചില്ല. എങ്കിലും ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് പുകയില ഉത്പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റ് തയ്യാറായി. അതേപോലെ ഡിജിറ്റല്‍വത്ക്കരണം പ്രോത്സാഹിപ്പിക്കാന്‍ ബന്ധപ്പെട്ട ഉത്പ്പന്നങ്ങളുടെ കസ്റ്റംസ് നികുതിയും എക്‌സൈസ് നികുതിയും ഒഴിവാക്കി.

ചരക്കുസേവന നികുതി ജൂലൈയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇത് നടപ്പിലായാല്‍ രാജ്യത്ത് ഉത്പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഭൂരിഭാഗം ഉത്പ്പന്നങ്ങളും ഈ നികുതിയുടെ പരിധിയില്‍ വരും. ഇത് മുന്‍കൂട്ടികണ്ടുളള ഇടപെടലാണ് ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുന്ന പതിവ് രീതി ഈ ബജറ്റില്‍ ഇടംപിടിച്ചില്ല. പണമിടപാടുകളുടെ ഡിജിറ്റല്‍വത്ക്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ പിഒഎസ് കാര്‍ഡ് റീഡര്‍, മൈക്രോ എടിഎം, ഫിംഗര്‍ പ്രിന്റ് റീഡര്‍, ഘടക ഉത്പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ ബജറ്റില്‍ നടപടി സ്വീകരിച്ചു.

കസ്റ്റംസ് ഡ്യൂട്ടി, എക്‌സൈസ് തീരുവ എന്നിവ പൂര്‍ണമായി ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഡിജിറ്റല്‍വത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം പതിവ് പോലെ പുകയില ഉത്പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്ന രീതി ഇത്തവണയും തുടര്‍ന്നു. പാന്‍മസാലയ്ക്ക് ചുമത്തിയിരുന്ന അധിക തീരുവ ആറു ശതമാനത്തില്‍ നിന്നും ഒന്‍പത് ശതമാനമായി ഉയര്‍ത്തി. മറ്റു പുകയില ഉത്പ്പന്നങ്ങള്‍ക്കും സമാനമായ വര്‍ധന വരുത്തിയിട്ടുണ്ട്. പാരമ്പര്യതര ഊര്‍ജ്ജ സ്രോതസ്സുകളുടെ വ്യാപനത്തിന് എല്‍ജിയുടെയും ബയോഗ്യാസിന്റെയും കസ്റ്റംസ് തീരുവ കുറച്ചു. അഞ്ചു ശതമാനത്തില്‍ നിന്നും 2.5 ശതമാനമായിട്ടാണ് എല്‍എന്‍ജിയുടെ കസ്റ്റംസ് തീരുവ കുറച്ചത്. എല്‍ഇഡി ലൈറ്റുകളുടെ ഘടക ഉത്പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കാനുളള തീരുമാനം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ്.

നിക്കല്‍, തുകല്‍ ഉത്പ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ കുറയുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പ്രോത്സാഹനം നല്‍കുമെന്ന്് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ ആഭ്യന്തര വ്യവസായത്തെ സഹായിക്കുന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചു. സംസ്‌കരിച്ച കശുവണ്ടിയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താന്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു. 30 ശതമാനത്തില്‍ നിന്നും 45 ശതമാനമായിട്ടാണ് തീരുവ ഉയര്‍ത്തിയത്.

DONT MISS
Top