കാര്‍ഷിക-ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ്ണ ബജറ്റ്; എയിംസില്‍ കേരളത്തിന് ഇത്തവണയും നിരാശ

ബജറ്റ് അവതരണത്തിന് മുന്നോടിയായി അരുണ്‍ ജെറ്റ്ലി

ദില്ലി: ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെത്തുടര്‍ന്നുണ്ടയ പ്രതിപക്ഷ ബഹളത്തെ വകവെയ്ക്കാതെ സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ചു. കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് ബജറ്റ്. 2017 വളര്‍ച്ചയുടെ വര്‍ഷമാണെന്ന് ബജറ്റിന്റെ തുടക്കത്തില്‍ ധനമന്ത്രി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ പുരോഗതിയുടെ പാതയിലാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഗുണം കര്‍ഷകരിലേക്കും ദളിതരിലേക്കും എത്തിക്കും. നോട്ട് നിരോധനം ധീരവും നിര്‍ണ്ണായകവുമായ നടപടിയാണ്. സര്‍ക്കാരിന്റെ അജണ്ട ‘ഡിജിറ്റല്‍ ഇന്ത്യ’ യാണെന്നും അരുണ്‍ ജെറ്റ്‌ലി പറഞ്ഞു. 92 വര്‍ഷത്തെ ചരിത്രത്തിന് വിരാമമിട്ട് പൊതുബജറ്റും, റെയില്‍വേ ബജറ്റും ഇത്തവണ ഒരുമിച്ചാണ് ധനമന്ത്രി അവതരിപ്പിച്ചത്. അരുണ്‍ ജെറ്റ്‌ലിയുടെ നാലാമത്തെ ബജറ്റവതരണമായിരുന്നു ഇത്. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി രേഖകള്‍ സഭയില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച സഭ വീണ്ടും ചേരും.

പ്രതിപക്ഷ ബഹളത്തോടെയായിരുന്നു ബജറ്റ് അവതരണത്തിന് തുടക്കമായത്. ഇ അഹമ്മദ് എം പിയുടെ നിര്യാണത്തില്‍ ബജറ്റ് അവതരണം നാളത്തേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ സുമിത്ര മഹാജന്‍ തള്ളി. ബജറ്റ് അവതരണം തുടങ്ങി ഏതാനും മിനിട്ടുകളായപ്പോള്‍ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ സഭ വിട്ടിറങ്ങി. ഇതിനിടയിലും ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങി.

സുമിത്രാ മഹാജന്‍

കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരണത്തില്‍ അരുണ്‍ ജെറ്റ്‌ലി പറഞ്ഞു. ഗ്രാമീണ കാര്‍ഷിക രംഗത്തിനുവേണ്ടി 1,87,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍മെന്ന് ധനമന്ത്രി പറഞ്ഞു. വിള ഇന്‍ഷൂറന്‍സിന് 9000 കോടി രൂപ വകയിരുത്തി. കര്‍ഷകര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ കൂടി ഉറപ്പാക്കും. ക്ഷീരമേഖലയില്‍ 8,000 കോടിയും വിള ഇന്‍ഷൂറന്‍സിന് 9000 കോടിയും നീക്കിവെച്ചു. ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട്, 500 കോടി വകയിരുത്തും. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കാര്‍ഷിക നഷ്ടപരിഹാര തുക ഇരട്ടിയാക്കി. കര്‍ഷകര്‍ക്കുള്ള ലാഭം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നും ജെറ്റിലി പറഞ്ഞു.

രാജ്യത്തെ ഒരു കോടി ജനങ്ങളെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരാന്‍ അന്ത്യോദയ പദ്ധതി നടപ്പിലാക്കുമെന്നാണ് ധനമന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. 2018 മെയോടെ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തും. ഇതിനായി 4,830 കോടി നീക്കിവെച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിലനായി 84,000 കോടി രൂപ നീക്കിവെച്ചു.പട്ടിക ജാതി-പട്ടിക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കായി 52320 കോടി രൂപയാണ് നീക്കി വെച്ചത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 23000 കോടിയും വകയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട സ്വച്ഛ്ഭാരത് മിഷന്‍ വന്‍ വിജയമാണെന്നും അരുണ്‍ ജെറ്റ്‌ലി അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2017-18 കാലയളവില്‍ 48,000 കോടിരൂപ അനുവദിച്ചു. മുന്‍ വര്‍ഷം ഇത് 37,000 കോടിരൂപയായിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വനിതാ പങ്കാളിത്തം 55 ശതമാനമായി വര്‍ധിച്ചെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. ഗ്രാമീണകാര്‍ഷിക മേഖലകള്‍ക്ക് 1,87,223 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധനയാണിത്.

ഫയല്‍ ചിത്രം

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് ജെറ്റ്‌ലി ഉറപ്പു നല്‍കി. വിപണി അധിഷ്ഠിത തൊഴില്‍ പരിശീലനത്തിന് 4000 കോടി രൂപ അനുവദിച്ചതായും അരുണ്‍ ജെറ്റ്‌ലി പറഞ്ഞു. വിനോദസഞ്ചാരമേഖലയില്‍ നൈപുണ്യ വികസനത്തിനുള്ള പദ്ധതിയാണ് മറ്റൊന്ന്. പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സിയെ നിയോഗിക്കുമെന്നും യുജിസി പരീക്ഷകള്‍ക്ക് ഏകീകൃത മാനദണ്ഡങ്ങള്‍ കൊണ്ടുവരുമെന്നും ജെറ്റ്‌ലി പറഞ്ഞു.

ഒരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍ കേരളത്തിന് നിരാശമാത്രമായിരിക്കും ബാക്കി ഉണ്ടാകുക. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ജാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രണ്ട് എയിംസുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ഒന്നു പോലുമില്ല.

മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ ഇനി മുതല്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവിനും നിയന്ത്രണമേര്‍പ്പെടുത്തി. 2000 രൂപയാണ് പരമാവധി തുക. രണ്ടായിരത്തില്‍ കൂടുതല്‍ സംഭാവനയായി വാങ്ങണമെങ്കില്‍ അത് ചെക്കായോ, ഡിജിറ്റല്‍ ഇടപാടിലൂടെയോ മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും ജെറ്റ്‌ലി പറഞ്ഞു.

റെയില്‍വേ പ്രധാന പ്രഖ്യാപനങ്ങള്‍:

റെയില്‍ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി

മെട്രോ റെയില്‍ നയം നടപ്പാക്കും

3500 കിലോമീറ്റര്‍ പുതിയ റെയില്‍പാതകള്‍

500 സ്‌റ്റേഷനുകളുല്‍ ലിഫ്റ്റ്

അടുത്ത വര്‍ഷം 500 സ്‌റ്റേഷനുകള്‍ പൂര്‍ണമായും ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദമാക്കും

2019 ല്‍ എല്ലാ റെയില്‍വേ കോച്ചുകളും പരിസ്ഥിതി സൗഹൃദമാക്കും,

എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലറ്റ് സ്ഥാപിക്കും, ലക്ഷ്യം സ്വച്ഛ് റെയില്‍വേ

പ്രത്യേക വിനോദസഞ്ചാര സോണുകള്‍ ആരംഭിക്കും

തീര്‍ത്ഥാടന വിനോദ സഞ്ചാര സൗകര്യത്തിന് പ്രത്യേക ട്രെയിനുകള്‍

ഐആര്‍സിടിസി വഴിയുള്ള എല്ലാ ബുക്കിംഗിനും സേവന നികുതി ഒഴിവാക്കി

ടിക്കറ്റിംഗ് സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കും

റെയില്‍വേയില്‍ 1.31 ലക്ഷം കോടി രൂപ നിക്ഷേപിക്കും

പരാതികള്‍ പരിഹരിക്കുന്നതിനായി കോച്ച് മിത്ര പദ്ധതി നടപ്പാക്കും

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top