‘ ബ്രസ്റ്റ് പമ്പ്’  കൈയില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍; പൊട്ടിക്കരഞ്ഞ് യുവതി

പ്രതീകാത്മക ചിത്രം

ബെര്‍ലിന്‍: ബ്രസ്റ്റ് പമ്പ് കൈയില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലാണ് സംഭവം. സിങ്കപ്പൂരില്‍ നിന്നുമുള്ള ഗായത്രി ബോസിനാണ് എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്നും മോശമായ അനുഭവമുണ്ടായത്.

മൂന്ന് വയസും ഏഴ് വയസും പ്രായമുള്ള രണ്ട് കുട്ടികളുണ്ട് ഗായത്രിക്ക്. പാരീസിലേക്ക് പോകുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഗായത്രി. പരിശോധനയ്ക്കിടെ ബ്രസ്റ്റ് പമ്പ് സ്‌കാനറില്‍ തെളിഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിന് വേണ്ടി തന്നെ പ്രത്യേക മുറിയിലേക്ക് വിളിച്ചുവരുത്തിയെന്ന് ഗായത്രി പറയുന്നു.

ഗായത്രി ബോസ്

തന്റെ കൈയിലുള്ളത് ബ്രസ്റ്റ് പമ്പാണെന്നും താന്‍ മുലയൂട്ടുന്ന അമ്മയാണെന്നും പറഞ്ഞപ്പോള്‍ തെളിയിക്കണമെന്നായിരുന്നു അധികൃതരുടെ മറുപടി. പരിശോധനയ്ക്കായി വനിതാ പൊലീസും എത്തി. തന്റെ മേല്‍ വസ്ത്രം മാറ്റി മാറിടം കാണിക്കണമെന്നായിരുന്നു വനിതാ പൊലീസ് ആവശ്യപ്പെട്ടത്. ഇതുകൊണ്ടൊന്നും ബോധ്യപ്പെടാത്ത പൊലീസ് ഉദ്യോഗസ്ഥ മുലപ്പാല്‍ പിഴിഞ്ഞു കാണിക്കണമെന്നും പറഞ്ഞു.

അധികൃതരുടെ ചോദ്യം ചെയ്യലില്‍ താന്‍ തകര്‍ന്നു പോയതായി ഗായത്രി കരഞ്ഞുകൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു സ്ത്രീയ്ക്കും ഇത്തരത്തിലൊരവസ്ഥ വരരുതെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് ഗായത്രി.

DONT MISS
Top