ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് വിഎസ്; എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതിനെ കുറിച്ച് അറിയില്ല

വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയെങ്കിലും ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍. എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്ന് വിഎസ് പ്രതികരിച്ചു.

ലോ അക്കാദമിയിലെ ഭൂമി വിഷയം, വിദ്യാര്‍ത്ഥി പീഡനം എന്നീ വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പഴയപടി തുടരുകയാണ്. അദ്ദേഹം പറഞ്ഞു. ദലിത് വിദ്യാര്‍ത്ഥികളോടുള്ള ലക്ഷ്മി നായരുടെ സമീപനം ശരിയല്ലെന്നും വിഎസ് അഭിപ്രായപ്പെട്ടു.

കോളെജ് മാനേജ്‌മെന്റ് തങ്ങളുടെ 90 ശതമാനം ആവശ്യവും അംഗീകരിച്ചതിനാല്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്കാദമിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന പ്രസ്താവനയുമായി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

ലോ അക്കാദമി വിഷയത്തില്‍ വിഎസ് നേരത്തെയും അഭിപ്രായപ്രകടനം നടത്തിയിരുന്നു. സമരം ചെയ്യുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന നിലപാടാണ് അദ്ദേഹം ആദ്യംമുതല്‍ സ്വീകരിച്ചത്. അക്കാദമിയില്‍ നടക്കുന്നത് വെറും വിദ്യാര്‍ത്ഥി സമരമല്ലെന്നും പൊതുവിഷയമാണെന്നും വിഎസ് അഭിപ്രായപ്പെട്ടിരുന്നു. അക്കാദമി സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും അത് തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല, കഴിഞ്ഞ ദിവസം അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ നടക്കുന്ന ദുരുപയോഗത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് റവന്യൂമന്ത്രിക്ക് കത്തും നല്‍കി. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു വിഎസ് കത്തുനല്‍കിയത്.

ലക്ഷ്മി നായരെ അധ്യാപനം ഉള്‍പ്പെടെ കോളെജിന്റെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നത് ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐയുടെ ആവശ്യങ്ങളാണ് മാനേജ്‌മെന്റ് അംഗീകരിച്ചത്. ലക്ഷ്മി നായര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കാമെന്ന ഉറപ്പ് എഴുതി നല്‍കി. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താമെന്നാണ് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരിക്കുന്നത്.

അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താമെന്നും ഈ കാലയളവില്‍ അധ്യാപിക ആയിപ്പോലും ലക്ഷ്മി നായര്‍ കോളെജില്‍ ഉണ്ടാകില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതോടെ 20 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ രാജി ആവശ്യത്തില്‍ ഉറച്ച് നിന്നിരുന്ന എസ്എഫ്‌ഐ ഇന്നലെ രാത്രിയോടെയാണ് രാജി ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.

DONT MISS
Top