എച്ച്1 ബി, എല്‍1 വിസകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ട്രംപ്; തീരുമാനം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വന്‍ തിരിച്ചടി

ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനികളെ, പ്രത്യേകിച്ച് ഐടി കമ്പനികളെ കടുത്ത ആശങ്കയിലാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1 ബി, എല്‍1 വിസകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങുന്നു. ഇത്തരം വിസകളില്‍ അമേരിക്കയില്‍ ജോലിചെയ്യുന്നവരേയും അവരുടെ കുടുംബത്തേയും പുതിയ നിയമം സാരമായി ബാധിക്കും.

എച്ച്1 വിസകളില്‍ ജോലിചെയ്യുന്നവരുടെ ഭാര്യമാര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഇളവ് എടുത്തുകളയും. 2015ല്‍ ഒബാമ ഭരണകൂടമാണ് ഈ സൗകര്യം എച്ച്1 വിസകള്‍ക്ക് അനുവദിച്ചുകൊടുത്തത്. അമേരിക്കയില്‍ നടത്താനുദ്ദേശിക്കുന്ന വന്‍ കുടിയേറ്റ പരിഷ്‌കാരമാകും ട്രംപ് നടത്താനുദ്ദേശിക്കുന്ന ‘പ്രൊട്ടക്ടിങ് അമേരിക്കന്‍ ജോബ്‌സ് ആന്റ് വര്‍ക്കേഴ്‌സ് ബൈ സ്‌ട്രെങ്ങ്ത്തനിങ് ദി ഇന്റഗ്രിറ്റി ഓഫ് ഫോറിന്‍ വര്‍ക്കര്‍ വിസ പ്രോഗ്രാമ്‌സ്’ എന്ന പേരിലുള്ള ഉത്തരവ്.

ഉത്തരവ് കൂടുതലായും ബാധിക്കുക ഇന്ത്യക്കാരെയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ക്കായി അനുവദിക്കുന്ന വിസകളില്‍ 86 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് നല്‍കിവരുന്നത്. എന്‍ജിനീയറിംഗ് അനുബന്ധ ജോലികള്‍ക്കു നല്‍കുന്ന 43 ശതമാനം വിസ അനുവദിക്കപ്പെട്ടിരിക്കുന്നതും ഇന്ത്യക്കാര്‍ക്കുതന്നെ.

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠനം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ കൂടി രാജ്യത്തു തങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന വിസാ ഇളവും എടുത്തുകളയും. എച്ച്1 ബി, എല്‍1 വിസയില്‍ രാജ്യത്ത് ജോലി അനുവദിക്കുന്ന തൊഴിലിടങ്ങളെല്ലാം അധികൃതരെത്തി പരിശോധിക്കും. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലെത്തി ജോലിചെയ്യുന്നവര്‍ അമേരിക്കക്കാരുടെ തൊഴിലവസരം നഷ്ടമാക്കുമെന്നാണ് ട്രംപിന്റെ നിലപാട്. അമേരിക്കയിലേക്ക് തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തയുടനെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. അതിനിടെ പുതിയ കുടിയേറ്റ നിയമം കോടതി സ്‌റ്റേ ചെയ്തെങ്കിലും രാജ്യത്ത് ഉടനീളം കോടതി ഉത്തരവ് ലംഘിക്കപ്പെടുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.

DONT MISS
Top