ഇതിഹാസം പുനര്‍ജനി നേടുമ്പോള്‍

കിരീടവുമായി ഫെഡറര്‍

“ഈ രാത്രിയില്‍ എനിക്ക് അഞ്ച് വയസ് കുറഞ്ഞപോലെ തോന്നുന്നു”. മുപ്പത്തിയഞ്ചാം വയസില്‍ മെല്‍ബണിലെ റോഡ് ലെവര്‍ അരീനയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൈകളിലേന്തി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പറഞ്ഞ വാക്കുകളാണിത്. അഞ്ച് വയസ് കുറഞ്ഞാലും മുപ്പതുകള്‍ കടന്ന് നില്‍ക്കും. പക്ഷെ ഇന്നും ഇരുപതിന്റെ ചുറുചുറുക്കും അനായാസതയും കൈമുതലായി കാത്തുസൂക്ഷിക്കുന്ന ഫെഡറര്‍ക്ക് മുന്നില്‍ അക്കങ്ങള്‍ വെറും സംഖ്യകള്‍ മാത്രം. പ്രായത്തിന് തന്റെ പ്രയാണത്തെ തടഞ്ഞ് നിര്‍ത്താനാകില്ലെന്ന് വിളിച്ച് പറയുകയായിരുന്നു ഫെഡറര്‍. അതാണല്ലോ മുപ്പത്തിയഞ്ചാം വയസില്‍, ഒരു ടൂര്‍ണണമെന്റില്‍ പതിനേഴാം സീഡായിവന്ന് തന്റെ പതിനെട്ടാം ഗ്രാന്റ് സ്ലാം കിരീടം നേടിയതിലൂടെ ഈ താരം കാണിച്ച് തരുന്നത്.

ഫെഡറര്‍ മത്സരത്തിനിടെ

ഒരു കാലത്ത് ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ കളിത്തോഴനായിരുന്ന ഫെഡറര്‍ ഇന്ന് വീണ്ടും കിരീടം നേടിയത് അഞ്ച് വര്‍ഷം നീണ്ട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ്. 2012 ലെ വിംബിള്‍ഡണ്‍ ആയിരുന്നു ഫെഡറര്‍ അവസാനമായി മുത്തമിട്ട ഗ്രാന്റ് സ്ലാം കിരീടം. പിന്നീടിങ്ങോട്ട് നാലു വര്‍ഷവും 16 ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളും കടന്ന് പോയി. ഇതിനിടയില്‍ മൂന്ന് ടൂര്‍ണമെന്റുകളില്‍ റണ്ണര്‍ അപ്പായി- 2014 ലെ വിംബിള്‍ഡണ്‍, 2015 ലെ വിംബിള്‍ഡണ്‍ യുഎസ് ഓപ്പണ്‍. അത് മാത്രമായിരുന്നു ഫെഡറര്‍ക്ക് നേട്ടമായി കൂട്ടിനുണ്ടായിരുന്നത്. 2016 ന്റെ ആദ്യ പകുതിക്ക് ശേഷം പരുക്ക് വിടാതെ പിടികൂടിയപ്പോള്‍ പിന്നീടുള്ള സീസണില്‍ നിന്നും പിന്‍മാറി.

വിജയശേഷം ഫെഡറര്‍

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മെല്‍ബണിലേക്ക് വന്നത്. കരിയറിന്റെ അവസാന നാളുകളില്‍ എത്തിനില്‍ക്കെ കൂട്ടുകൂടാനെത്തിയ പരുക്ക് ഫെഡററുടെ കരിയര്‍ അവസാനിപ്പിച്ചു എന്ന് പലരും വിധിയെഴുതി. ഇനി ഒരു കിരീട വിജയം ഈ പഴയ പടപ്പോരാളിക്ക് സാധ്യമല്ലെന്ന് നിരീക്ഷകര്‍ ലക്ഷണ ശാസ്ത്രം വിവരിച്ച് നിഗമനത്തിലെത്തി. പക്ഷെ എഴുതുന്നത് ഫെഡററെ കുറിച്ചാണെന്നത് പലരും മറന്നുപോയി. കൈവിട്ട കളികളൊക്കെ തന്റേതായ മാന്ത്രിക സ്പര്‍ശത്താല്‍ സ്വന്തം വരുതിയില്‍ വരുത്തിയിട്ടുള്ള താരമാണ് ഫെഡറര്‍. ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും തന്റെ പ്രതാപത്തിന് തെല്ലും മങ്ങലേറ്റിട്ടില്ലെന്ന് ഫെഡറര്‍ തെളിയിച്ചു. ക്ലാസ് എന്നത് സ്ഥിരവും ഫോം എന്നത് അസ്ഥിരവുമാണെന്ന് നാം ഫെഡററിലൂടെ കണ്ടു. വലം കൈയ്യില്‍ തൂങ്ങിക്കിടക്കുന്ന ആ റാക്കറ്റില്‍ നിന്നും ഉതിര്‍ന്ന ഷോട്ടുകള്‍ ഫെഡറര്‍ സ്പര്‍ശം വിളിച്ചോതി.

മത്സര ശേഷം നദാലിനെ അഭിനന്ദിക്കുന്ന ഫെഡറര്‍

വലിയ സമ്മര്‍ദ്ദത്തിനിടയിലായിരുന്നു ഫൈനലില്‍ ചിരവൈരിയായ നദാലിനെതിരെ ഫെഡറര്‍ കളത്തിലിറങ്ങിയത്. ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന കണക്കിന്റെ കളികള്‍ ഒട്ടും അനുകൂലമല്ല. പ്രത്യേകിച്ച് ഗ്രാന്റ് സ്ലാം ഫൈനലുകളിലെ നേരിട്ടുള്ള ഏറ്റുമുട്ടലില്‍. മുന്‍പ് നേര്‍ക്കുനേര്‍ വന്ന ഏഴ് ഫൈനലുകളിലും വിജയം സ്പാനിഷ് കരുത്തിന് ഒപ്പം നിന്നപ്പോള്‍ ഫെഡററുടെ ശേഖരത്തില്‍ രണ്ടെണ്ണം മാത്രം. അതും തന്റെ ഇഷ്ടപ്രതലമായ പുല്‍ക്കോര്‍ട്ടില്‍. 2009 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനായിരുന്നു. ഈ പ്രതികൂല സാഹചര്യത്തെ മറികടക്കല്‍ ഫെഡറര്‍ക്ക് അനായാസമായിരുന്നില്ല. മത്സരം അത് തെളിയിക്കുകയും ചെയ്തു. തോറ്റുകൊടുക്കാന്‍ മനസില്ലാത്ത രണ്ട് പോരാളികള്‍ ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ മത്സരഫലം പ്രവചനാതീതമായി. എന്നാല്‍ പ്രതിഭയുടെ മാറ്റിന് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കാന്‍ റോജര്‍ക്ക് ഒരു കിരീട വിജയം അനിവാര്യമായിരുന്നു. കൈവിട്ട അഞ്ചാം സെറ്റും മത്സരവും ഒരു വീരയോദ്ധാവിനെ പോലെ സ്വന്തമാക്കി കിരീടം കൈക്കുടന്നയില്‍ വിരിയിച്ച് ഫെഡറര്‍ റോഡ് ലെവര്‍ അരീനയുടെ മടിത്തട്ടില്‍ നിന്ന് ആകാശത്തേക്ക് നോക്കി. ഈ പുനര്‍ജനി താന്‍ ഏറെക്കാലമായി കാക്കുന്നു എന്ന് പറയാതെ പറഞ്ഞ്.

DONT MISS
Top