ചരിത്രം രചിച്ച് ഫെഡറര്‍; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വിസ് ഇതിഹാസത്തിന്

റോജര്‍ ഫെഡറര്‍

മെല്‍ബണ്‍: ചരിത്രം കുറിച്ച പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കരസ്ഥമാക്കി. സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ കീഴടക്കിയത്. സ്‌കോര്‍ 6-4, 3-6, 6-1, 1-6, 6-3

43 വര്‍ഷത്തിനിടയില്‍ ഒരു ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി ഫെഡറര്‍ കരസ്ഥമാക്കി. തന്റെ മുപ്പത്തിയഞ്ചാം വയസിലാണ് ഫെഡറര്‍ ഇന്ന് കിരീടം നേടിയത്.

റോഡ് ലെവര്‍ അരീനയില്‍ ഫെഡറര്‍ കിരീടം ഉയര്‍ത്തുന്നത് ഇത് അഞ്ചാം തവണ. കരിയറിലെ പതിനെട്ടാം ഗ്രാന്റ് സ്ലാം കിരീടത്തിലാണ് സ്വിസ് രാജകുമാരന്‍ ഇന്ന് മുത്തമിട്ടത്.

നാലു വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്തിയാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയിരിക്കുന്നത്. 2012 വിംബിള്‍ഡണായിരുന്നു ഫെഡറര്‍ അവസാനമായി മുത്തമിട്ട ഗ്രാന്‍റ് സ്ലാം കിരീടം.

നദാല്‍ മത്സരത്തിനിടെ

ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡറര്‍ കിരീടത്തില്‍ മുത്തമിട്ടത്. ഒരു ഘട്ടത്തില്‍ നദാല്‍ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചു. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ തുടക്കത്തില്‍ തന്നെ ബ്രേക്ക് നേടിയ നദാല്‍ ഇത്തവണയും വിജയം ഉറപ്പിച്ചതായി തോന്നി. എന്നാല്‍ നിര്‍ണായക നിമിഷങ്ങളില്‍ മടങ്ങിവരാനുള്ള കഴിവ് വീണ്ടും തെളിയിച്ച് ഫെഡറര്‍ തിരിച്ചടിച്ചു. ആറാം ഗെയിമില്‍ നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത് സ്‌കോര്‍ ഒപ്പമെത്തിച്ച ഫെഡറര്‍ തൊട്ടടുത്ത ഗെയിമിലും ബ്രേക്ക് നേടി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള മുപ്പത്തിയഞ്ചാം പോരാട്ടമായിരുന്നു ഇന്ന് നടന്നത്. ഇതില്‍ പന്ത്രണ്ടാം വിജയമാണ് ഫെഡറര്‍ ഇന്ന് നേടിയത്. കഴിഞ്ഞ 34 മത്സരങ്ങളില്‍ 23 ലും വിജയം നദാലിനൊപ്പമായിരുന്നു. ഗ്രാന്റ് സ്ലാം ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നത് ഇത് എട്ടാം തവണ. മൂന്നാം ജയമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. 2006 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ ഫൈനലുകള്‍ സാക്ഷിയായത് ഈ ഇതിഹാസ താരപോരാട്ടങ്ങള്‍ക്കായിരിന്നു. ഇതില്‍ 2006, 07 വര്‍ഷങ്ങളിലെ വിബിള്‍ഡണ്‍ ഫെഡററും മറ്റുള്ളവ നദാലും കരസ്ഥമാക്കി. പിന്നീട് ഇരുവരും ഏറ്റുമുട്ടുന്നത് 2009 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍, അവിടെയും ജയം നദാലിനൊപ്പം നിന്നു.

DONT MISS
Top