തന്നെയൊരു നടനാക്കിയത് പ്രിയദര്‍ശന്‍, ശരിക്കുമൊരു ജീനിയസാണയാള്‍; മലയാളിയുടെ പ്രിയ സംവിധായകനെ വാനോളം പുകഴ്ത്തി അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍, പ്രിയദര്‍ശന്‍

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശനെ വാനോളം പുകഴ്ത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. തന്നിലെ നടനെ തിരിച്ചറിഞ്ഞത് പ്രിയദര്‍ശനാണെന്ന് താരം പറഞ്ഞു. പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഒപ്പത്തിന്റെ ബോളിവുഡ് പതിപ്പില്‍ അഭിനയിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് താരം മനസു തുറന്നത്.

സിനിമയിലെത്തിയിട്ട് എട്ടോ പത്തോ വര്‍ഷമായിട്ടും ആക്ഷന്‍ സിനിമകളല്ലാതെ മറ്റൊന്നും ലഭിച്ചില്ല. എന്നും ഈ അടി ഇടി സിനിമകളുമായി ഒതുങ്ങിക്കൂടിയാല്‍ മതിയോ എന്നുപോലും ആലോചിച്ചിരുന്നു. ഇമേജ് എന്ന കുരുക്കിനെപ്പറ്റി തനിക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നു തോന്നിയിരുന്നതായും അക്ഷയ് പറഞ്ഞു.

‘ഇക്കാര്യം മനസില്‍ വന്ന കാലത്താണ് പ്രിയദര്‍ശനുമായി സംസാരിക്കുന്നത്. അദ്ദേഹമെന്നെ വിശ്വാസത്തിലെടുത്തു. എനിക്ക് കോമഡി വേഷങ്ങള്‍ വഴങ്ങുമെന്നും അദ്ദേഹം വിശ്വസിച്ചു. ഒരു ജീനിയസാണദ്ദേഹം. 74 സിനിമകള്‍ സംവിധാനം ചെയ്തവയില്‍ 68ഉം ഹിറ്റ്! ചിത്രങ്ങള്‍ 30-40 ദിവസം കൊണ്ട് ചിത്രീകരിക്കുകയും ചെയ്യും’. അക്ഷയ് വാചാലനായി.

കരിയറിലെ മിന്നുന്ന കാലമാണ് അക്ഷയ് കുമാറിനിപ്പോള്‍. അവസാനം പുറത്തിറങ്ങിയ ഹൗസ് ഫുള്ളിന്റെ മൂന്നാം ഭാഗവും എയര്‍ ലിഫ്റ്റും റസ്റ്റവും വന്‍ വിജയമായിരുന്നു. ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടനായിരുന്നു അക്ഷയ്.

DONT MISS
Top