ത്രിവര്‍ണ്ണ പതാകയ്ക്ക് സല്യൂട്ട് ഇല്ല, ദേശഭക്തി പ്രകടിപ്പിക്കേണ്ടത് ക്യാമറയ്ക്ക് മുന്നില്‍; തെലങ്കാന ആഭ്യന്തരമന്ത്രിയുടെ സ്പെഷ്യല്‍ സല്യൂട്ടില്‍ രോഷം കൊണ്ട് രാജ്യം

ഹൈദരാബാദ്: രാജ്യം 68 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ദേശഭക്തി ഉയര്‍ത്തി കാണിക്കാന്‍ രാജ്യത്തെ ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകര്‍ തെല്ലൊന്നുമല്ല കഷ്ടപ്പെട്ടത്. രാജ്യസ്‌നേഹി പട്ടം ശക്തമാക്കാന്‍ അന്നേ ദിവസം നേതാക്കള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനോന്യം മത്സരിക്കുന്നതിന്റെ ദൃശ്യങ്ങളും പിന്നാലെ ക്യാമറക്കണ്ണിലൂടെ പൊതു സമൂഹം കാണുകയുമുണ്ടായി.

ഈ നിരയിലേക്കാണ് ഇപ്പോള്‍ തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഡിയുടെയും റിപ്പബ്ലിക് ദിന സ്‌പെഷ്യല്‍ ദേശഭക്തി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ നൈനി നരസിംഹ റെഡ്ഡി തുടര്‍ന്ന് കാട്ടിയ സ്‌പെഷ്യല്‍ പ്രകടനമാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായത്. പതാക ഉയര്‍ത്തിയതിന് പിന്നാലെ ക്യാമറക്കണ്ണുകള്‍ തേടി പിടിച്ച് അവയ്ക്ക് മുന്നില്‍ മന്ത്രിയും പരിവാരങ്ങളും സല്യൂട്ട് അടിക്കുകയായിരുന്നു. ത്രിവര്‍ണ പതാകയുടെ മഹത്വം അറിയാത്ത ചില രാഷ്ട്രീയ നേതാക്കളുടെ പേക്കൂത്തുകളായാണ് ഇതിനെ ദേശീയ തലത്തില്‍ ഇതിനകം വിലയിരുത്തിയിരിക്കുന്നത്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിയും പരിവാരങ്ങളും ഇപ്പോള്‍ നവമാധ്യമങ്ങളിലെ പുതിയ പരിഹാസ രൂപങ്ങളായി മാറിക്കഴിഞ്ഞു.

നേരത്തെ, അസമില്‍ ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ദാസും വിവാദത്തില്‍ അകപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയ പതാക തലകീഴായി കെട്ടിയത് അടിവസ്ത്രം തിരിച്ചിടുന്നതിനു സമാനമാണെന്നായിരുന്നു വിവാദ പ്രസ്താവന. പതാക ശരിയാക്കി വീണ്ടും ഉയര്‍ത്തിയെങ്കിലും പ്രസാതാവന വിവാദം ശക്തിപ്പെടുകയായിരുന്നു. പതാക ഉയര്‍ത്തിയതിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ താന്‍ അതിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ചു. അതിന് ഉത്തരവാദപ്പെട്ട ആള്‍ തന്നോട് ക്ഷമാപണം നടത്തിയതായും ചിലപ്പോഴൊക്കെ നാം അകത്തിടേണ്ട  അടിവസ്ത്രം പുറത്തിട്ടതു പോലെ  കണ്ടാല്‍ മതിയെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും രഞ്ജിത് ദാസ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

DONT MISS
Top