മാരുതി സുസൂക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു; മോഡലുകളുടെ വിലയില്‍ 8014 രൂപ വരെ വര്‍ധനവ്

ദില്ലി: രാജ്യത്ത് മാരുതി സുസൂക്കി കാറുകളുടെ വില വര്‍ധിച്ചു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ, തങ്ങളുടെ ശ്രേണിയിലെ മോഡലുകള്‍ക്ക് 8014 രൂപ വരെ അടിയന്തരമായി വര്‍ധിപ്പിച്ചെന്ന് അറിയിച്ചു.

മാരുതി സുസൂക്കി മോഡലുകളുടെ വിലയില്‍ 1500 രൂപ മുതല്‍ 8014 രൂപ വരെയുള്ള വര്‍ധനവാണ് വരുത്തിയിട്ടുള്ളതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ചരക്ക്, ഗതാഗത, നടത്തിപ്പ് ചെലവുകള്‍ വര്‍ധിച്ചതാണ് കാര്‍ വില വര്‍ധിക്കാന്‍ കാരണമായതെന്ന് പ്രസ്താവനയില്‍ മാരുതി സുസൂക്കി വ്യക്തമാക്കി.

വിപണിയില്‍ വിവിധ ശ്രേണികളിലായി ഒട്ടനവധി മോഡലുകളാണ് മാരുതി സുസൂക്കി നിര്‍മ്മിക്കുന്നത്. ഇതില്‍ 2.45 ലക്ഷം രൂപ വരുന്ന ഹാച്ച്ബാക്ക് എഡിഷനായ ആള്‍ട്ടോ 800 മുതല്‍ 12.03 ലക്ഷം രൂപ വില വരുന്ന പ്രീമിയം ക്രോസ് ഓവറായ എസ് ക്രോസ് വരെ മാരുതി സുസൂക്കി മോഡലുകളില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോംപാക്ട് എസ് യുവി എഡിഷനായ വിതാര ബ്രെസ്സ മോഡലിനും മാരുതി 20000 രൂപ വര്‍ധിപ്പിച്ചിരുന്നു. പ്രമീയം ഹാച്ച്ബാക്ക് എഡിഷനായ ബലേനൊയ്ക്കും 10000 രൂപ വരെ മാരുതി വില വര്‍ധിപ്പിച്ചിരുന്നു. ഇത് കൂടാതെ, തെരഞ്ഞെടുത്ത മോഡലുകളിലും മാരുതി 1500 മുതല്‍ 5000 രൂപ വരെ മാരുതി സുസൂക്കി വില വര്‍ധിപ്പിച്ചത് വിപണിയെ സാരമായി ബാധിച്ചിരുന്നു.

നേരത്തെ, ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, നിസാന്‍, ടോയോട്ട, റെനൊള്‍ട്ട്, മെര്‍സീഡസ് ബെന്‍സ് ഇന്ത്യ, ടാറ്റാ മോട്ടോര്‍സ് ഉള്‍പ്പെടെയുള്ള കാര്‍ നിര്‍മ്മാതാക്കളും ജനുവരി മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

DONT MISS
Top