ആദ്യ ദിനം നേടിയതാര്? റയീസോ അതോ കാബിലോ? രണ്ടു ചിത്രങ്ങളുടേയും കളക്ഷര്‍ റിപ്പോര്‍ട്ട്‌

പ്രതീകാത്മക ചിത്രം

രണ്ടു സൂപ്പര്‍ താര ചിത്രങ്ങള്‍ ഒരുമിച്ചെത്തിയ ദിവസമായിരുന്നു ജനുവരി 25. ഷാരൂഖിന്റെ റയീസും ഹൃതിക്കിന്റെ കാബിലും പരസ്പരം മത്സരിച്ചെന്നവണ്ണം ഒരു ദിവസം റിലീസ് ചെയ്യുക എന്ന വാര്‍ത്ത തന്നെ ആരാധകര്‍ക്കാവേശമായിരുന്നു. രണ്ടു ചിത്രങ്ങളും മോശമല്ല എന്ന ഒന്നാം ദിന റിപ്പോര്‍ട്ടുകൂടി ആയപ്പോള്‍ അതൊരുത്സവമായി മാറി. എന്നാല്‍ കളക്ഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് റയീസാണോ അതോ കാബിലോ?

ബോളിവുഡ് കിങ്ങ് എന്ന പേര് അന്വര്‍ഥമാക്കി ഷാരൂഖ് ഖാന്റെ റയീസ് ബോക്‌സോഫീസില്‍നിന്ന് വാരിയത് 20.42 കോടിയാണ്. ഷാരൂഖിന്റെ മറ്റേതൊരു ചിത്രത്തേക്കാളും വലിയ ആദ്യദിന കളക്ഷനാണിത്. അങ്ങനെ ഷാരൂഖിന്റെ അവസാന റിലീസുകളായ ‘ഫാന്‍’ഉം ‘ഡിയര്‍ സിന്ദഗി’യും നേടിയതിനേക്കാളും മുകളിലായി റയീസ്. കാബിലാകട്ടെ ആദ്യ ദിവസം നേടിയത് 10.43 കോടിയാണ്. ചിത്രത്തിന് ലഭിക്കുന്ന മറ്റൊരു ആനുകൂല്യം അതിന് ലഭിക്കുന്ന നിരൂപക പ്രശംസതന്നെയാണ്. ചിത്രം പ്രേക്ഷക മനസില്‍ ഇടം നേടിക്കഴിഞ്ഞു.

കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മറ്റൊന്നുമല്ല, റിലീസ് ചെയ്യപ്പെട്ട തീയേറ്ററുകളുടെ എണ്ണമാണത്. റയീസ് ബോക്‌സോഫീസിനെ ഇളക്കിമറിച്ചത് 3400 സ്‌ക്രീനുകളില്‍ റിലീസ് ചെയ്താണെങ്കില്‍ കാബില്‍ അതുനേടിയത് 2300 സ്‌ക്രീനുകളില്‍ നിന്നാണ്. വരും ദിവസങ്ങളില്‍ കാബിലിന് സ്റ്റഡി കളക്ഷന്‍ ലഭിക്കാനാണ് സാധ്യത.

രാഹുല്‍ ധൊലാകിയ സംവിധാനം ചെയ്തിരിക്കുന്ന റയീസില്‍ ഷാരൂഖിന്റെ നായികയായെത്തുന്നത് പാകിസ്ഥാന്‍ സ്വദേശിയായ മഹിറാ ഖാനാണ്. ഷാരൂഖ്-നവാസുദ്ദീന്‍ സിദ്ദിഖ്വി കോമ്പിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഷാരൂഖ് ആരാധകര്‍ക്ക് എല്ലാത്തരത്തിലുളള ആനന്ദവും ചിത്രം നല്‍കുന്നു. മലയാളിയായ കെയു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാരൂഖും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.

കാബില്‍ സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ് ഗുപ്തയാണ്. നിര്‍മാണം ഹൃതിക്കിന്റെ പിതാവായ രാകേഷ് റോഷനും. യാമി ഗൗതമാണ് നായിക.

DONT MISS
Top