റിപ്പബ്ലിക് ദിന പരേഡില്‍ നരേന്ദ്രമോദി വീണ്ടും പ്രോട്ടോക്കോള്‍ ലംഘിച്ചു

ദില്ലി: 68 മത് റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ വീണ്ടും പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കാനെത്തിയ ജനങ്ങളെ രാജ്പഥിലൂടെ കാല്‍നടയായാണ് നരേന്ദ്രമോദി അഭിവാദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിന ചടങ്ങിലും ആഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി സമാന രീതിയില്‍ പ്രോട്ടോക്കോള്‍ ലംഘച്ച് കൊണ്ട് കാല്‍നടയായി അഭിവാദ്യം ചെയ്തിരുന്നു.

അതേസമയം, രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാനാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നത്. ലഷ്‌കര്‍ ഇ തയ്ബ ഭീകരാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

രാജ്യത്തിന്റെ സൈനികശേഷിയും സാംസ്‌കാരികവൈവിധ്യവും വിളിച്ചോതുന്ന പരേഡാണ് രാജ്പഥില്‍ നടന്നത്. കര, നാവിക, വ്യോമ സേനകളുടെ പ്രകടനങ്ങളും പരേഡിന് മാറ്റുകൂട്ടി. ആദ്യമായി ദേശീയ സുരക്ഷ സേനയുടെ സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു.യുഎഇ സൈന്യവും ഇത്തവണ പരേഡില്‍ അണിനിരന്നു. ഇതാദ്യമായാണ് ഒരു അറബ് സൈന്യം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ സൈനികശേഷി വിളിച്ചറിയിക്കുന്ന പരേഡില്‍ തേജസ് യുദ്ധവിമാനം അടക്കം നിരവധി ആയുധങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ 50, 000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരുന്നത്.

DONT MISS
Top