റഗ്ബി ടീമിന് അംഗീകാരം നല്‍കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍

കോഴിക്കോട് : റഗ്ബി ടീമിന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം നല്‍കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ പരിശോധിച്ചുവെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ പറഞ്ഞു. ആദ്യപടിയായി കേരള റഗ്ബി താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി.

ദേശീയ ഗെയിംസ് ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ സംസ്ഥാനത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന റെഗ്ബി ടീമിന് ഇതുവരെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയിരുന്നു.

സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ രേഖകളെല്ലാം കേരള റഗ്ബി അസോസിയഷന്‍ അധികൃതര്‍ ഹാജരാക്കിയെന്നും ഇവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അടുത്ത് ചേരുന്ന ബോര്‍ഡ് മീറ്റിങില്‍ അംഗീകാരം നല്‍കുന്നതും, റഗ്ബിതാരങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നതും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ടി.പി.ദാസന്‍ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top