മക്‌ഡൊണാള്‍ഡ്‌സില്‍ ഇനി ‘മസാലദോശ’യും; ‘മസാലദോശ ബര്‍ഗറി’ന്റെ വിശേഷങ്ങള്‍ വായിക്കാം

പ്രതീകാത്മക ചിത്രം

മക്‌ഡൊണാള്‍ഡ്‌സ് ആളൊരു വിദേശിയാണ്. അവരുടെ ഉല്‍പ്പന്നങ്ങളും വിദേശികളായതിനാല്‍ തന്നെ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേര്‍ക്കും അവയോട് വലിയ താല്‍പ്പര്യമില്ല. ബര്‍ഗറുകളാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ പ്രധാന വിഭവം. ഇപ്പോഴിതാ ഇന്ത്യക്കാരെ, പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാരെ ആകര്‍ഷിക്കാനുള്ള പുതുവിഭവം അവതരിപ്പിച്ചിരിക്കുകയാണ് മക്‌ഡൊണാള്‍ഡ്‌സ്.

നമ്മുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് മസാലദോശ. ലോകത്തെ തന്നെ മികച്ച വിഭവങ്ങളിലൊന്ന്. ബര്‍ഗറും മസാലദോശയും ‘മിക്‌സ്’ ചെയ്‌തൊരു വിഭവമാണ് മക്‌ഡൊണാള്‍ഡ്‌സ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മസാലദോശയില്‍ നിന്ന് കാതലായ മാറ്റങ്ങളോടെയാണ് ‘മസാലദോശ ബര്‍ഗര്‍’ അവതരിപ്പിച്ചിരിക്കുന്നത്. ബ്രോച്ച്‌ചേ എന്ന ഫ്രഞ്ച് ബ്രഡ് ആണ് ഈ ബര്‍ഗറിനായി ഉപയോഗിക്കുന്നത്. മുളക്‌പൊടി കൊണ്ടുള്ള ചട്ണിയുടെ ഒരു പാളി ഇതില്‍ ഉണ്ടാകും. ഉരുളക്കിഴങ്ങ് മസാലയാണ് ബര്‍ഗറില്‍ ഉണ്ടാകുക.

മക്‌ഡൊണാള്‍ഡ്‌സിന്റെ പ്രഭാതഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് ഈ പരിഷ്‌കാരി മസാലദോശ ഇടം പിടിച്ചിട്ടുള്ളത്. ഇന്ത്യന്‍-അമേരിക്കന്‍ ഫ്യൂഷന്‍ വിഭവങ്ങളാണ് മക് ബ്രേക്ക്ഫാസ്റ്റ് എന്ന ഈ സീരീസില്‍ പ്രധാനമായും ഉള്ളത്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയാണ് ഈ വിഭവങ്ങള്‍ ലഭ്യമാകുന്നത്. ദക്ഷിണേന്ത്യയെ കയ്യിലെടുക്കാനുള്ള മക്കിന്റെ പുതിയ നീക്കത്തെ ഭക്ഷണപ്രിയര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

DONT MISS
Top