‘ജനക്കൂട്ടത്തെ മാത്രം നോക്കി ആരുടേയും ജനപ്രീതി വിലയിരുത്തത്’; ഷാരൂഖ് ഖാനെതിരെ ആഞ്ഞടിച്ച് കൈലാഷ് വിജയവര്‍ഗിയ

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ വീണ്ടും രംഗത്ത്. വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ ഷാരൂഖിനെ കാണാനെത്തിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലും ഒരാള്‍ മരിക്കുകയും രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് താരത്തിനെതിരെ കൈലാഷ് രംഗത്തെത്തിയത്.

പേരെടുത്തു പറയാതെയായിരുന്നു ഷാരൂഖിനെതിരെയുള്ള കൈലാഷിന്റെ ആക്ഷേപം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഒരു സ്ഥലത്തെത്തുകയാണെങ്കില്‍ അയാളെ കാണാന്‍ നിരവധിയാളുകള്‍ തടിച്ചു കൂടും. ജനക്കൂട്ടത്തെ മുന്‍നിര്‍ത്തി ആരുടേയും ജനസ്വാധീനത്തെ വിലയിരുത്തരുതെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. താന്‍ കൂടുതല്‍ ഒന്നും തന്നെ പറയുന്നില്ലെന്നും ഇത്രയും പറഞ്ഞതില്‍ നിന്നും നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി എന്നാണ് കരുതുന്നകെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണാര്‍ത്ഥം ആഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് പോകുമ്പോള്‍ വഡോദര സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു ഷാരൂഖിനെ കാണാന്‍ ആരാധകര് തിക്കിത്തിരക്കിയത്. ഇതിനിടെ ശ്വാസം മുട്ടി പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഫര്‍ഹീദ് ഖാന്‍ ഷേറാണി എന്ന ആളായിരുന്നു മരിച്ചത്. സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി ഷാരൂഖ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഷാരൂഖിനെതിരെ നേരത്തേയും കൈലാഷ് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷാരൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ഹൃദയം പാകിസ്താനിലാണെന്നായിരുന്നു നേരത്തെ ഉണ്ടായ വിമര്‍ശനം. മത അസഹിഷ്ണുതയെക്കുറിച്ച് ഷാരൂഖ് നടത്തിയ പ്രസ്താവനയുടെ ചുവടു പിടിച്ചായിരുന്നു അന്ന് കൈലാഷ് രംഗത്തെത്തിയത്.

DONT MISS
Top