സൈന നെഹ്‌വാളിന് മലേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം

സൈന നെഹ്‌വാള്‍

സരവാക് (മലേഷ്യ): മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സ്വന്തമാക്കി. തായ്‌ലന്റിന്റെ പോന്‍പാവെ ചോചുവോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന കിരീടം നേടിയത്. സ്‌കോര്‍ 22-20, 22-20.

പുതുവര്‍ഷത്തിലെ തന്റെ ആദ്യ കിരീടമാണ് സൈന മലേഷ്യയില്‍ സ്വന്തമാക്കിയിരിക്കുന്നത്. 1,20,000 യുഎസ് ഡോളറാണ് സൈനയ്ക്ക് സമ്മാനമായി ലഭിക്കുക.

സ്‌കോര്‍ സൂചിപ്പിക്കുന്നത് പോലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സൈന കിരീടത്തില്‍ മുത്തമിട്ടത്. ലോക റാങ്കിങ്ങില്‍ അറുപത്തിയേഴാം സ്ഥാനത്തുള്ള പത്തൊന്‍പത് കാരിയായ ചോചുവോങ് മികച്ച പ്രകടനമാണ് സൈനയ്‌ക്കെതിരെ കിരീട പോരാട്ടത്തില്‍ പുറത്തെടുത്തത്.

ആദ്യ ഗെയിമില്‍ മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യന്‍ താരം 4-0 ന് ലീഡെടുത്തു. എന്നാല്‍ തിരിച്ചടിച്ച തായ് താരം 11-5 എന്ന നിലയില്‍ മുന്നിലെത്തി. ഗെയിം കൈവിട്ടെന്ന് തോന്നിപ്പിച്ച സമയത്ത് പക്ഷെ തന്റെ പരിചയ സമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് സൈന തിരിച്ചു വന്നു. ഒടുവില്‍ 22-20 ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടത്. 17-16 ന് മുന്നിട്ട് നിന്ന ഇന്ത്യന്‍ താരത്തെ 20-20 ന് സമനിലയില്‍ പിടിച്ചു. എന്നാല്‍ സൈനയുടെ മികവിന് മുന്നില്‍ രണ്ടാം ഗെയിമും 22-20 ന് അടിയറ വെക്കേണ്ടി വന്നു.

2016 ജൂണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ശേഷം ഇതാദ്യമായാണ് സൈന ഒരു ടൂര്‍ണമെന്റ് ജയിക്കുന്നത്. 2016 ലെ റിയോ ഒളിമ്പിക്‌സിലെ മോശം പ്രകടനവും തുടര്‍ന്ന് പിടികൂടിയ പരുക്കും എല്ലാം സൈനയുടെ കരിയറിനെ തന്നെ ചോദ്യം ചെയ്തിരുന്നു. പരുക്ക് ഭേദമായി കളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് പക്ഷെ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ വിരമിക്കലിനെ കുറിച്ച് പോലും സൈന ചിന്തിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാന്‍, ഏതു ഘട്ടത്തിലും തിരിച്ചുവരാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഹൈദരാബാദുകാരി.

DONT MISS
Top