കശ്മീരിലെ ജലവൈദ്യുത പദ്ധതികള്‍ നിര്‍ത്തണമെന്ന് പാകിസ്താന്‍; തര്‍ക്കത്തില്‍ ലോകബാങ്ക് മധ്യസ്ഥത വഹിക്കണമെന്നും ആവശ്യം

പ്രതീകാത്മക ചിത്രം

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിലുള്ള രണ്ട് ജലവൈദ്യുത പദ്ധതികളുടേയും നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ കിഷന്‍ ഗംഗ, റാറ്റില്‍ എന്നീ ജല വൈദ്യുത പദ്ധതികള്‍ നിര്‍ത്തണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടത്. ചിനാബ്, ഝലം നദികളിലാണ് ഈ പദ്ധതികള്‍.

പാകിസ്താന്റെ പാര്‍ലമെന്ററി കമ്മിറ്റികളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ സിന്ധു നദീ ജല കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലോകബാങ്ക് മധ്യസ്ഥത വഹിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. ലോകബാങ്കിന്റെ ഇടപെടല്‍ അടിയന്തിരമായി തന്നെ വേണമെന്നാണ് പാകിസ്താന്റെ ആവശ്യം.

ലോകബാങ്കിന്റെ ഇടപെടല്‍ ഉണ്ടാകുന്നത് വരെ കശ്മീരിലെ രണ്ട് ജല വൈദ്യുത പദ്ധതികളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാനായി ലോകബാങ്ക് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് താല്‍പ്പര്യമില്ല എന്നും അതുകൊണ്ടാണ് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മടിക്കുന്നത് എന്നും പാകിസ്താന്‍ ആരോപിച്ചു. തീരുമാനം പരമാവധി വൈകിച്ച് കാര്യം നേടാനുള്ള തന്ത്രമാണ് ഇന്ത്യയുടേത് എന്നും അവര്‍ ആരോപിച്ചു. സിന്ധു നദീ ജല കരാര്‍ ലംഘിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല എന്നും ഇതിനുള്ള ശ്രമങ്ങള്‍ എന്തു വില കൊടുത്തും തടയുമെന്ന മുന്നറിയിപ്പും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top