“അഭിപ്രായം തുറന്നുപറഞ്ഞ തിലകന്റെ അനുഭവം മറന്നുപോയോ? അദ്ദേഹത്തിന്റെ ആത്മാവിനോട് മാപ്പ് ചോദിച്ചിട്ട് വേണമായിരുന്നു ഫെഫ്ക അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി കൂട്ടായ്മ നടത്താന്‍”: സംവിധായകന്‍ വിനയന്‍

ഫയല്‍ ചിത്രം

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച സിനിമാ സംഘടനയായ ഫെഫ്കയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ ഫെഫ്കയില്‍ നിന്ന് നടന്‍ തിലകന്‍ അനുഭവിച്ച പീഡനവും നേരിട്ട വിലക്കുമൊക്കെ മറന്നുപോയോ എന്ന് വിനയന്‍ ചോദിക്കുന്നു. തങ്ങളാല്‍ ക്രൂശിക്കപ്പെട്ട മഹാനടന്‍ തിലകനോട് മാപ്പ് ചോദിച്ചിട്ട് വേണമായിരുന്നു ‘ഫെഫ്ക’ കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കാന്‍ ഇറങ്ങേണ്ടിയിരുന്നതെന്ന് വിനയന്‍ അഭിപ്രായപ്പെട്ടു.

സംവിധായകന്‍ കമലും, സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരും തങ്ങളുടെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ നേരിടുന്ന ഫാസിസ്റ്റ് ആക്രമണങ്ങള്‍ പ്രതിരോധിക്കാനും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനുമായിരുന്നു ഫെഫ്കയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ ആയിരുന്നു ഇത്. ഇതിനെതിരെയാണ് തിലകന്റെ മുന്‍കാല അനുഭവം ചൂണ്ടിക്കാട്ടി ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ കൂടിയായ വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. തിലകനുമായി ഫെഫ്കയിലെ ഒരാളും സഹകരിക്കാന്‍ പാടില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണ്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പും വിനയന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“കേരളത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന മലയാളസിനിമയിലെ ‘ഫെഫ്ക’ ആണെന്ന് ആദ്യം പറഞ്ഞത് അന്തരിച്ച മലയാളത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ ചേട്ടനായിരുന്നു. അതിനദ്ദേഹം അനുഭവിച്ച പീഡനവും വിലക്കുമൊക്കെ നമ്മള്‍ കണ്ടതാണ്. അങ്ങനെയൊന്നും ഞങ്ങള്‍ ചെയ്തിട്ടേ ഇല്ല എന്ന് ഫെഫ്ക നേതാക്കള്‍ ആണയിട്ടു പറയും എന്നുറപ്പുള്ളതിനാലാണ് ‘കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ’ ആവശ്യപ്പെട്ടതനുസരിച്ച് ശ്രീ ബി. ഉണ്ണികൃഷ്ണനും ശ്രീ കമലും ഒപ്പിട്ട് കമ്മീഷനില്‍ സമര്‍പ്പിച്ച രണ്ടു രേഖകളുടെ കോപ്പി ഈ പോസ്റ്റിനു താഴെ കൊടുക്കുന്നത്. സംഘടനയേയും അതിന്റെ നേതാവിനെയും പറ്റി മോശമായി സംസാരിച്ചതിന്റെ പേരില്‍ ശ്രീ തിലകനുമായി ഫെഫ്കയിലെ ഒരാളു പോലും സഹകരിക്കാന്‍ പാടില്ല എന്ന് ഓര്‍ഡറിട്ടുകൊണ്ട് 27.02.2010ല്‍ ശ്രീ ബി. ഉണ്ണികൃഷ്ണന്‍ ഇറക്കിയ ഉത്തരവിന്റെ കോപ്പിയാണ് അതിലൊന്ന്. ശ്രീ ബി. ഉണ്ണികൃഷ്ണനു നിഷേധിക്കാനാവുമോ?

അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പോലെ തിരിച്ചു തെറിവിളിക്കുകയല്ല നിങ്ങള്‍ ചെയ്തത്. ആ വ്യക്തിയുടെ തൊഴിലിനെ തന്നെ വിലക്കിക്കൊണ്ട് ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യുകയാണ് നിങ്ങള്‍ ചെയ്തത്. ഫാസിസത്തിനെതിരെ സംസാരിക്കാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ സംഘടനയ്ക്കും പിന്നെന്തവകാശമാണുള്ളത്? എന്തേ… അന്ന് അഭിപ്രായ സ്വാതന്ത്ര്യം എന്ന വാക്കിനര്‍ത്ഥം നിങ്ങള്‍ക്കറിയില്ലായിരുന്നോ?

താഴെ കൊടുത്തിരിക്കുന്ന മറ്റൊരു രേഖ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ 11062011ലെ മിനിറ്റ്‌സിന്റെ കോപ്പിയാണ്. ഫെഫ്ക വിലക്കിയ ശ്രീ തിലകനെ സംവിധായകന്‍ അലി അക്ബര്‍ ‘അച്ഛന്‍’ എന്ന സിനിമയില്‍ അഭിനയിപ്പിച്ചു എന്ന ‘മഹാ അപരാധത്തിന്?’ അലി അക്ബറിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ആ ഉത്തരവ് ഇറക്കിയത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായ ശ്രീ കമലും, ശ്രീ ബി. ഉണ്ണികൃഷ്ണനും, ശ്രീ സിബി മലയിലും, ശ്രീ സിദ്ദിഖും ഒക്കെ ചേര്‍ന്നാണെന്നോര്‍ക്കണം.

എന്റെ ബഹുമാന്യ ഫേസ്ബുക് സുഹൃത്തുക്കള്‍ ആ കത്ത് ഒന്ന് വായിക്കണം. അതില്‍ മറ്റൊരു കാര്യം കൂടി എഴുതിയിരിക്കുന്നു അലി അക്ബര്‍ തന്റെ ‘അച്ഛന്‍’ എന്ന സിനിമയുടെ പൂജയ്ക്ക് വിനയനെ ക്ഷണിച്ചത്രേ! അതിനേ പറ്റി ചോദിച്ചപ്പോള്‍ വിനയന്‍ സുഹൃത്തെന്ന രീതിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല എന്നാണത്രേ അലി അക്ബര്‍ പറഞ്ഞത്. ആ പൊറുക്കാന്‍ പറ്റാത്ത കുറ്റത്തിന്റെ പേരിലും കൂടിയാണ് അലി അക്ബറിനെ സസ്‌പെന്‍ഡ് ചെയ്തത്. എങ്ങനെയുണ്ട് ഈ മാന്യന്മാര്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരു വ്യക്തിയേ, വേറൊരാള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചാല്‍ ആ ക്ഷണിച്ച ആളിനെ പോലും വച്ചേക്കില്ല, വിലക്കി ഒറ്റപ്പെടുത്തും എന്ന നിഷ്ടൂരമായ നയം സ്വീകരിച്ച് നടപ്പാക്കിയവരാണ് കലാകാരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കുന്നത്. ഈ ഇരട്ടത്താപ്പ് നമ്മള്‍ മനസ്സിലാക്കണം.

തിലകനെതിരേയും, വിനയനെതിരെയും, അലി അക്ബറിനെതിരെയും ഫാസിസത്തിന്റെ ഭീഷണിവാക്കുകള്‍ മാത്രമല്ല ഈ അഭിനവ ഫാസിസ്റ്റുകള്‍ പ്രയോഗിച്ചതെന്നോര്‍ക്കണം. സ്വന്തം വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി സംഘടനയെ ഉപയോഗിച്ച് തൊഴില്‍ ചെയ്തു ജീവിക്കാനുള്ള കലാകാരന്റെ അവകാശത്തെയാണ് ഇവര്‍ നിഷേധിച്ചത്. ബഹുമാനപ്പെട്ട ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷന്റെ ഇവര്‍ക്കെതിരെയുള്ള വിധി ഉടനെ ഉണ്ടാകും, അന്ന് ഇതിനെപറ്റി കൂടുതല്‍ പറയാം.

വര്‍ഗ്ഗീയതേയും ഫാസിസത്തേയും ഒക്കെ എന്നും എക്കാലവും എതിര്‍ത്തിട്ടുള്ളവനാണ് ഞാന്‍. ഇപ്പോഴും ആ ആശയത്തിനായി പ്രവര്‍ത്തിക്കുകയും, ശബ്ദിക്കുകയും ചെയ്യുന്നു. പക്ഷെ കാര്യം കാണാന്‍ വേണ്ടിയോ? ചിലരുടെയൊക്കെ മുന്നില്‍ നല്ലപിള്ളയാകാന്‍ വേണ്ടിയോ? അവസരവാദികളാകുന്ന കലാകാരന്മാരുണ്ടെങ്കില്‍ അവരെ തുറന്നു കാട്ടാനും നമ്മള്‍ തയ്യാറാകണം. വിശ്വോത്തര സാഹിത്യകാരനായ, ആദരണീയനായ എം. ടിക്ക് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ ഏതു കാര്യത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള കഴിവിനെയും സ്വാതന്ത്ര്യത്തെയും ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരീ നാട്ടില്‍ പരിഹാസ്യരാകുകയേ ഉള്ളു, സംശയമില്ല. വിമര്‍ശിക്കുന്നവര്‍ രാജ്യം വിട്ടു പോകുണമെന്നു പറയാനും ആര്‍ക്കും അധികാരമില്ല. പക്ഷേ അഭിപ്രായസ്വാന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കുമ്പോള്‍ ആ പ്രതിജ്ഞയും സ്വന്തം പ്രവര്‍ത്തിയും തമ്മില്‍ പുല ബന്ധമെങ്കിലും ഉണ്ടായില്ലെങ്കില്‍ ഈ കലാകാരന്മാര്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യകഥാപാത്രങ്ങളാകും എന്ന കാര്യം ഓര്‍ത്താല്‍ നന്ന്”.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top