ഖത്തറില്‍ സ്വദേശികള്‍ക്കിടയിലെ വിവാഹ മോചനകേസുകളില്‍ വന്‍ വര്‍ധനവ്

പ്രതീകാത്മക ചിത്രം

ദോഹ: ഖത്തറില്‍ സ്വദേശികള്‍ക്കിടയിലെ വിവാഹ മോചനകേസുകളില്‍ വന്‍ വര്‍ധനവെന്ന് വിദഗ്ധര്‍. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ ഖത്തരികള്‍ക്കിടയില്‍ വിവാഹമോചനക്കേസില്‍ 71 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രായത്തിലും വിദ്യാഭ്യാസ നിലവാരത്തിലുമുള്ള വന്‍ അന്തരമാണ് വിവാഹമോചന കേസുകളുടെ വര്‍ധനയ്ക്ക് കാരണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രണ്ടായിരത്തില്‍ 471 ഖത്തരികളാണ് രാജ്യത്ത് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നത് എങ്കില്‍ 2015-ല്‍ അത് 807 ആയി ഉയര്‍ന്നു എന്നാണ് ഡിവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ധന ഭീതിപ്പെടുത്തുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തൊണ്ണുറുകളില്‍ അഞ്ചോ അല്ലെങ്കില്‍ പത്തില്‍ താഴെയോ മാത്രമായിരുന്നു ഖത്തറിലെ കോടതികളില്‍ എത്തിയിരുന്ന വിവാഹമോചന അപേക്ഷകള്‍. എന്നാല്‍ ഇന്ന് അത് വന്‍ തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട് എന്ന് സാമുഹ്യപ്രവര്‍ത്തകനായ അഹമ്മദ് അല്‍ ബുഐനൈയ്ന്‍ പറഞ്ഞു.

വിവാഹവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് കാര്യമായ പരിഗണന ലഭിക്കാത്തതാണ് പ്രധാന പ്രശനം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് കൂടാതെ പ്രായം, വിദ്യാഭ്യാസം, സാമ്പത്തിക പശ്ചാത്തലം, സാമുഹ്യപശ്ചാത്തലം എന്നിവയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുണ്ടാകുന്ന വലിയ വ്യത്യാസവും ബന്ധം പിരിയലിന് കാരണമാകുന്നു. രക്തബന്ധത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹവും മറ്റൊരു കാരണമാണ്. ഖത്തറില്‍ നടക്കുന്ന വിവാഹങ്ങളില്‍ 35 ശതമാനവും രക്തബന്ധത്തില്‍ പെട്ടവര്‍ തമ്മിലുള്ളതാണ്.

DONT MISS
Top