‘ജല്ലിക്കെട്ടെന്നത് തമിഴകത്തിന്റെ വികാരം’, ഒരേ സ്വരമായി തമിഴ്‌നാട് പറയുന്നു; പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്ന് നടികര്‍ സംഘവും

ചെന്നൈ: ജല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി വിധിയില്‍ തമിഴ്‌നാട് താരവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. ചെന്നൈ മറീന ബീച്ചില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ തന്നെ ഇതിന് നേര്‍ ചിത്രമാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ ജല്ലിക്കെട്ട് എന്ന വികാരത്തെ മുറുകെ പിടിച്ച് രജ്‌നീകാന്ത്, അജിത്ത്, സൂര്യ ഉള്‍പ്പെടെയുള്ള തമിഴ് സൂപ്പര്‍ താരങ്ങളും എത്തിയിരിക്കുകയാണ്.

നേരത്തെ, ജല്ലിക്കെട്ടിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ അജിത്തും സൂര്യയും മൗന പ്രതിഷേധം നടത്തിയിരുന്നു. മൗന പ്രതിഷേധത്തിന്റെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ഇന്ന് ഉപവാസം ആംരിഭിക്കുമെന്നും അറിയിച്ചിട്ടണ്ട്.

ജല്ലിക്കെട്ട് നിരോധിക്കുന്നത് ബിരിയാണി നിരോധിക്കുന്നത് പോലെയാണെന്ന് നേരത്ത, നടന്‍ കമല്‍ ഹാസന്‍ ഉപമിച്ചിരുന്നു. ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയെയും നിരോധിക്കണമെന്ന് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടിരുന്നു. നടന്മാരയ ചിമ്പു, ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ള യുവ നിരയും സുപ്രിംകോടതി വിധിക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

അതേസമയം, തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി വിധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അറിയിച്ചിരുന്നു. നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാവും ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് പനീര്‍സെല്‍വം പറഞ്ഞു. ഉത്തരവിന്റെ കരട് രൂപം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

രണ്ട് ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും ജല്ലിക്കെട്ട് പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉത്തരവിന്റെ കരടിന് രൂപം നല്‍കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ജല്ലിക്കെട്ട് നിരോധന വിഷയത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. കേസ് സുപ്രിം കോടതിയുടെ പരിഗണനിയിലാണെന്നും ഇപ്പോള്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

DONT MISS
Top