നോട്ട് പ്രതിസന്ധി ഉടന്‍ തീരുമെന്ന് പിഎസി മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉറപ്പ്

ഫയല്‍ ചിത്രം

ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉറപ്പ്. നോട്ട് അസാധുവാക്കലിന്റെ അനന്തരഫലത്തെ കുറിച്ച് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിക്ക് മുമ്പാകെയാണ് ഉര്‍ജിത് പട്ടേല്‍ ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. പിഎസിക്ക് മുമ്പായുള്ള ഉര്‍ജിതിന്റെ വിശദീകരണം പുരോഗമിക്കുകയാണ്.

നേരത്തെ കൈമാറിയ പത്തുചോദ്യങ്ങള്‍ക്കുള്ള വിശദീകരണമാണ് ഉര്‍ജിത് പട്ടേല്‍ ഇന്ന് പിഎസിക്ക് മുന്നില്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ പട്ടേലിന് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിരുന്നില്ല. പ്രതിസന്ധി എന്ന് അവസാനിക്കുമെന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഉര്‍ജിത് പട്ടേല്‍ നല്‍കിയിരുന്നില്ല. നോട്ട് നിരോധനത്തിന് ശേഷം എത്ര പണം ബാങ്കില്‍ തിരിച്ചെത്തി, നോട്ട അസാധുവാക്കല്‍ തീരുമാനം കൈക്കൊണ്ടത് ആര് തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

ഉര്‍ജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുമെന്ന് പിഎസി അധ്യക്ഷന്‍ കെവി തോമസ് എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പീക്കര്‍ അനുവദിച്ചാല്‍ പ്രധാനമന്ത്രിയെ കമ്മറ്റി അധ്യക്ഷന് വിളിച്ചുവരുത്താം എന്ന ധാരണ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ ഉണ്ടായിട്ടുണ്ടെന്ന് കെവി തോമസ് അറിയിച്ചു.

DONT MISS
Top