സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് ജസ്റ്റിസ് ലോധ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്, മുന്‍ താരങ്ങളുടെയും ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജസ്റ്റിസ് ലോധ. ഹിന്ദുസ്താന് ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജസ്റ്റിസ് ലോധ ഇക്കാര്യം അറിയിച്ചത്.

ജഗ്‌മോഹന്‍ ഡാല്‍മിയ, അനിരുദ്ധ് ചൗധരി, അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള അന്നത്തെ ബിസിസി ഐ സെക്രട്ടറിമാരുമായും ബിസിസി ഐയിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരുമായും നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കൂടിയാലോചന നടത്തിയിരുന്നതായി ജസ്റ്റിസ് ലോധ പറയുന്നു. ഇവര്‍ക്ക് പുറമെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, കപില്‍ ദേവ്, ബിഷന്‍ സിംഗ് ബേദി ഉള്‍പ്പെടെയുള്ള മുന്‍ ദേശീയ നായകന്മാരുമായി വിഷയത്തില്‍ വിദഗ്ധാഭിപ്രായം താന്‍ തേടിയിരുന്നതായി ലോധ അറിയിച്ചു.

ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് എതിരെ ബിസിസി ഐ യിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. തത്ഫലമായാണ് ജനറല്‍ സെക്രട്ടറി അജയ് ഷിര്‍ക്കെയെയും അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെയും സുപ്രീംകോടതി ഇടപ്പെട്ടാണ് നീക്കം ചെയ്തത്.

ബിസിസി ഐയില്‍ പുതിയ ഭരണ നേതൃത്വം ജനുവരി 19 ന് ശേഷം അധികാരത്തില്‍ ഏറുന്നതോടെ ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ഫലവത്തായി നടപ്പിലാകുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ വ്യക്തമാക്കി.

DONT MISS
Top