ഗര്‍ഭാവസ്ഥ 24 ആഴ്ച പിന്നിട്ട യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി

ഡല്‍ഹി: ഗര്‍ഭം ധരിച്ച് 24 ആഴ്ച പിന്നിട്ട യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ സുപ്രീംകോടതി പ്രത്യേക അനുമതി നല്‍കി. ഭ്രൂണം അനെന്‍സെഫലി എന്ന അവസ്ഥയിലുള്ളതാണെന്നും ഗര്‍ഭപാത്രത്തിനു വെളിയില്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ ഭ്രൂണത്തിന് സാധിക്കില്ലെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയത്. തലച്ചോറിലെ പ്രധാനഭാഗത്തിന്റെ അഭാവമാണ് അനെന്‍സെഫലി എന്ന അവസ്ഥയുടെ പ്രത്യേകത.

22 കാരിയായ യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അനുകൂല വിധി പ്രഖ്യാപിച്ചത്. സ്വന്തം ജീവന്‍ അപകടത്തിലായതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്നാണ് മുംബൈ സ്വദേശിയായ യുവതി കോടതിയോടാവശ്യപ്പെട്ടത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ 11 ന് മുംബൈ കെഇഎം ആശുപത്രിയിലെ ഡോക്ടര്‍മാരോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിന്റെ പ്രധാനഭാഗങ്ങള്‍ രൂപപ്പെട്ടിട്ടില്ലെന്നും നിലവിലെ രീതിയില്‍ മുന്നോട്ടു പോകുന്നത് യുവതിയുടെ ജീവന്‍ അപകടത്തിലാക്കുമെന്നും മെഡിക്കല്‍സംഘം കോടതിയെ അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് നിയമത്തില്‍ ഇളവു നല്‍കണമെന്ന് സോളിസിറ്റര്‍ ജനറലും കോടതിയോട് അഭ്യര്‍ഥിച്ചു.

1971 ലെ നിയമ പ്രകാരം ഭ്രൂണ വളര്‍ച്ച ഇരുപത് ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടര്‍ക്ക് 7 വര്‍ഷം ശിക്ഷ വരെ ലഭിക്കാം. ജീവന്‍ നിലനിര്‍ത്താന്‍ യുവതിയ്ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് നിയമത്തില്‍ ഇളവുനല്‍കിക്കൊണ്ട് കോടതി ഗര്‍ഭച്ഛിദ്രത്തിന് പ്രത്യേക അനുമതി നല്‍കിയത്.

ഇരുപത് ആഴ്ചഎന്ന നിയമത്തിലെ വ്യവസ്ഥ ഏകപക്ഷീയവും ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന യുവതിയുടെ വാദമാണ് അംഗീകരിക്കപ്പെട്ടത്. ബലാല്‍സംഗത്തിന് ഇരയായ യുവതിയ്ക്ക് ഭ്രൂണ വളര്‍ച്ച 24 ആഴ്ച പിന്നിട്ട ശേഷം ഗര്‍ഭച്ഛിദ്രം നടത്താന്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top